പാണക്കാട് തങ്ങളെ പ്രസ്മീറ്റ് നടത്തി അധിക്ഷേപിച്ച കീഴ് വഴക്കമുണ്ട്, ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യുന്നില്ല”: നൂർബിന റഷീദ്

കോഴിക്കോട്: നിയമസഭാ തെരരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ അവഗണിച്ചതിൽ പ്രതിഷേധം അറിയിച്ച് വനിതാ ലീഗ്. സ്ഥാനാർത്ഥി പട്ടികയെ സ്വീകരിക്കുന്നു എങ്കിലും വനിതാ ലീഗ് അണികളുടെ വേദനയാണ് അറിയിക്കുന്നതെന്ന് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ് പറഞ്ഞു. പാണക്കാട് തങ്ങളെ പരസ്യമായി പ്രസ് മീറ്റ് നടത്തി അധിക്ഷേപിച്ച കീഴ് വഴക്കമുണ്ട് . പക്ഷേ താൻ അങ്ങനെയൊന്നും ചെയ്യുന്നില്ല. വനിത ലീഗിനായാണ് സംസാരിക്കുന്നതെന്ന് നൂർബിന പറഞ്ഞു.
താൻ ലീഗിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്. സ്ഥാനമാനങ്ങൾ ലക്ഷ്യം വച്ചല്ല സംസാരിക്കുന്നത്. എത്ര വല്ല്യ പോസ്റ്റുകൾ ആര് വാഗ്ദാനം ചെയ്താലും പാർട്ടി വിടില്ല. ആയുസ് മുഴുവൻ പാർട്ടിക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. സംഘടനയെ എല്ലാകാലത്തും സംരക്ഷിച്ചിട്ടുണ്ട്. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ എൻ്റെ വ്യക്തിത്വം ഇല്ലാതാവുമെന്നും വനിതാ ലീഗി നേതാവ് പറഞ്ഞു. വനിത ലീഗ് ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല. സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും അവർ പറഞ്ഞു.
ലീഗിൻ്റെ വനിത സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനിറങ്ങണോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ജയന്തി രാജനെ ലീഗിൽ വളർത്തിയത് താനാണെന്നും അപമാനിച്ചോ എന്ന് ജയന്തി തന്നെ വ്യക്തമാക്കണമെന്നും പറഞ്ഞ നൂർബിന പ്രഷർ പൊളിറ്റിക്സിൽ താൽപര്യമില്ല അതിനാലാണ് കൂടുതൽ സംസാരിക്കാത്തതെന്നും വ്യക്തമാക്കി
ലീഗിന്റെ വനിതാ സ്ഥാനാർഥികളായി പ്രഖ്യാപിച്ച ഫാത്തിമ തഹ്‌ലിയ, ജയന്തി രാജൻ എന്നിവർ വനിതാ ലീഗിന്റെ ഭാഗമല്ല. ഫാത്തിമ തഹ്‌ലിയ വനിതാ ലീഗിൽ വരാൻ തയ്യാറാകാത്തയാളാണ്. ക്യാംപസ് പൊളിറ്റിക്സ് കഴിഞ്ഞിട്ടും വനിതാ ലീഗിൽ വന്നില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. പേരാമ്പ്രയിൽ അഡ്വ. പി. കുത്സു ടീച്ചറെ പരിഗണിച്ചില്ലെന്നും നൂർബിന റഷീദ് പ്രതികരിച്ചിരുന്നു.




