Uncategorized

ചിലരുടെ താത്പര്യത്തിന് തങ്ങന്മാരെ കരുവാക്കി PMA സമീറിനെ സ്ഥാനാർത്ഥിയാക്കി; അബ്ദുറഹിമാൻ രണ്ടത്താണി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിഎംഎ സമീറിനെ സ്ഥാനാർത്ഥിയാക്കാനുള്ള മുസ്‌ലിം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കിയെന്നാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായാണ് പിഎംഎ സമീർ അറിയപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ താൽപ്പര്യമാണ് പിഎംഎ സമീറിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന പരോക്ഷ ആക്ഷേപമാണ് അബ്ദുറഹിമാൻ രണ്ടത്താണി പങ്കുവെച്ചിരിക്കുന്നത്.

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കി. അതിന്‍റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

യൂത്ത് ലീഗ് നേതാക്കളായ അഡ്വ. പി കെ ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ടി പി അഷ്‌റഫലി, പി കെ നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരമാണ്. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എംഎൽഎയാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനം ഉചിതമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് പിഎംഎ സമീർ. നേരത്തെ തിരൂരങ്ങാടി മണ്ഡലത്തിലെ തെന്നല പഞ്ചായത്തിൽ നിന്നുള്ള ഒരു വിഭാഗം അബ്ദുറഹിമാൻ രണ്ടത്താണിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പിഎംഎ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥി ആക്കിയതിൽ പ്രാദേശിക എതിർപ്പും രൂക്ഷമാണ്.

അബ്ദുറഹിമാൻ രണ്ടത്താണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി കെ ഫിറോസ് അഡ്വ. ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യു എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.

ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി മറ്റൊരു പ്രതികരണവും അബ്ദുറഹിമാൻ രണ്ടത്താണി പങ്കുവെച്ചിരുന്നു. ‘മുസ്‌ലിം ലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പോസ്റ്റ് വിവാദമായതോടെ അത് അദ്ദേഹം പിൻവലിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്ര സഹിതമായിരുന്നു പോസ്റ്റ്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാർത്ഥികളെയാണ് മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ എം ഷാജി വേങ്ങരയിലും മത്സരിക്കും. ഇത്തവണ ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകളും ഇടംപിടിച്ചിട്ടുണ്ട്. കൂത്തുപറമ്പിൽ ദളിത് ലീഗ് നേതാവായ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും ജനവിധി തേടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button