ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് നടന്ന വിശദീകരണ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ അറിയിച്ചത്. എതിരാളുകളുമായി ഒത്തുകളിക്കുന്ന ടി.കെ ഗോവിന്ദൻ രാഷ്ട്രീയ വഞ്ചന കാണിച്ചെന്ന് ജയരാജൻ പറഞ്ഞു.
ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി.കെ ഗോവിന്ദൻ അവതരിപ്പിച്ചതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷ് പറഞ്ഞു.
‘സ്ഥാനാർഥി നിർണയമെന്നത് ഒരാൾ ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനമല്ല. പല നേതാക്കളുടേയും ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്നത് അവരുടെ സേവനം കൂടി പരിഗണിച്ചുകൊണ്ടാണ്. പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതും അതേ മാനദണ്ഡത്തിലാണ്. കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർഥികൾ വേണമെന്ന് പാർട്ടി ആവലോചിച്ച ഘട്ടത്തിൽ തന്നെ പി.കെ ശ്യാമള പരിഗണിക്കപ്പെട്ടിരുന്നു. പി.കെ ഗോവിന്ദന്റെ യഥാർഥ പ്രശ്നം പാർലമെൻ്ററി മോഹമാണെന്ന് കരുതിയിരുന്നില്ല. ഒരു ഘട്ടത്തിലും ടി.കെ ഗോവിന്ദന്റെ പേര് ആരും പറഞ്ഞിരുന്നില്ല. സെക്രട്ടേറിയറ്റ് യോഗത്തിൽ ടി.കെ ഗോവിന്ദൻ സ്വയം പേര് പറയുകയായിരുന്നു’. കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.
‘ജില്ലാ സെക്രട്ടേറിയറ്റിലെ ഒരാളും ടി.കെ ഗോവിന്ദന്റെ പേര് പറഞ്ഞിരുന്നില്ല. അത് മനസിലാക്കാനുള്ള വിനയം ഗോവിന്ദൻ കാണിക്കണമായിരുന്നു. തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് ഗോവിന്ദൻ സെക്രട്ടേറിയറ്റ് യോഗത്തിൽ ചോദിക്കുകയും ചെയ്തു. ശ്യാമള അല്ലാതെ മറ്റാരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിലും ഇതേ നിലപാട് തന്നെയായിരിക്കും അദ്ദേഹത്തിന്. പാർലമെന്ററി വ്യാമോഹവുമായി നടക്കുന്നയാളാണ് ഗോവിന്ദൻ. ഇതിനായി കെപിസിസി നേതൃത്വത്തെ പോലും അയാൾ ബന്ധപ്പെട്ടു. എതിരാളികൾ നടത്തുന്ന പ്രചാരണം ഗോവിന്ദൻ ഏറ്റെടുത്തു. സണ്ണി ജോസഫിന്റെ വിടുപണി ചെയ്യുന്നു.’രാഗേഷ് കൂട്ടിച്ചേർത്തു.




