മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

ഇടുക്കി: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്ത കുറ്റത്തെ ചെറുതായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാണരക്ഷാർത്ഥമാണ് മുള്ളൻ പന്നിയെ തല്ലിക്കൊന്നത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ വെള്ളനാട് ശശിയുടെ വാദം.
സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ പരുത്തിപ്പള്ളി വനം വകുപ്പാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. പിന്നാലെ വെള്ളനാട് ശശി ഒളിവിൽ പോയിരുന്നു.
ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. വനംവകുപ്പിനെ വെല്ലുവിളിച്ചിട്ടായിരുന്നു മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്. എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി പറഞ്ഞത്.




