Uncategorized

മോഷണത്തിനായി കേരളത്തിലെത്തും; വീട്ടുകാർ പള്ളിയിൽ പോകുന്ന തക്കം നോക്കി വീടുകളിൽ കവര്‍ച്ച നടത്തി തിരികെ മടങ്ങും

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍ പോകുന്ന തക്കം നോക്കി ക്രിസ്ത്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തും. തുടര്‍ന്ന് തീവണ്ടിയില്‍ തന്നെ മടങ്ങുന്ന തമിഴ്‌നാട് കന്യാകുമാരി പത്മനാഥപുരം കട്ടുവിളെ നെല്ലിയാര്‍ക്കോണം സ്റ്റീഫനെ(38) പൊലീസ് അറസ്റ്റ് ചെയ്തു.

അയര്‍ക്കുന്നത് 2025 ഒക്ടോബര്‍ 19 ന് അടുക്കള വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അയര്‍ക്കുന്നം പൊലീസ് പിടികൂടിയത്. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കല്ലിട്ടനട പോളയ്ക്കല്‍ വീട്ടില്‍ നിന്ന് 28,000 രൂപയും, 10 പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.

പ്രതി തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയ ശേഷം സ്‌കൂട്ടര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച് ചെന്നൈയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലര്‍ച്ചെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തി സ്‌കൂട്ടര്‍ എടുത്ത് കറങ്ങിനടക്കും ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തി വീണ്ടും മടങ്ങുന്നതാണ് സ്റ്റീഫൻ്റെ രീതി.

കഴിഞ്ഞ നാലരമാസമായി പൊലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാനായത്. ഒട്ടേറെ മോഷണക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button