പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിൽ പ്രകോപനം; പൂനെയിൽ 23-കാരനെ തല്ലിക്കൊന്നു

പൂനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ തല്ലിക്കൊന്നു. നഗേഷ് സഞ്ജയ് ജാദവ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പെൺകുട്ടിയുമായി നഗേഷിനുണ്ടായിരുന്ന സൗഹൃദമാണ് യുവാവിൻ്റെ മരണത്തിലേക്ക് കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിൽ നിന്ന് യുവാവിനെ വിളിച്ചുവരുത്തിയ ശേഷം പ്രതികൾ നാഗേഷിനെ മർദിച്ച് അവശനാക്കുകയായിരുന്നു. വൈകുന്നേരം 7:15-ഓടെ വീട്ടിൽ നിന്നിറങ്ങിയ നഗേഷിനെക്കുറിച്ച് വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. നഗേഷിനെ ക്രൂരമായി മർദിച്ചുവെന്നും പത്ത് മിനിറ്റിനുള്ളിൽ വന്ന് കൊണ്ടുപോയില്ലെങ്കിൽ താഴേക്ക് എറിയുമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി.ബന്ധുക്കൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. പിന്നീട് കെട്ടിടത്തിന് മുകളിലായി മർദനമേറ്റ് അവശനിലയിൽ കിടക്കുന്ന നഗേഷിനെയാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




