4വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി; ചൂലും കത്തിയും സ്കെയിലും ബെൽറ്റും കയറും ആയുധം

പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ലഖ്നൗ ചൗക് മേഖലയിലാണ് സംഭവം. പിതാവ് ഭീഷ്മ കർബന്ദയും(35) രാഗിണി കർബന്ദയും(30) കേസിൽ അറസ്റ്റിലായി.
കുട്ടിയുടെ അമ്മൂമ്മ സുധാ കശ്യപ് നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്-മാർച്ച് 12ന് മകൻ അർണവ് മരിച്ചതായി മരുമകൻ ഭീഷ്മ, സുധാ കശ്യപിനെ വിളിച്ചറിയിച്ചു. വിവരം അറിഞ്ഞ് ലജ്പത് നഗറിലെത്തിയ സുധയും കുടുംബവും കണ്ടത് വരാന്തയിൽ കിടത്തിയിരിക്കുന്ന അർണവിന്റെ ജീവനറ്റ ദേഹമാണ്.
ആദ്യകാഴ്ചയിൽ തന്നെ കുട്ടി അതിക്രൂരമായി ഉപദ്രവിക്കപ്പെട്ടതായി ബോധ്യപ്പെട്ടെന്ന് സുധ പറയുന്നു. ദേഹത്ത് പലയിടത്തും മുറിവേറ്റതായും രക്തം കല്ലിച്ച നീലപ്പാടുകളും, പൊള്ളിച്ച പാടുകളും ഉൾപ്പടെ കണ്ടതായും അമ്മൂമ്മ പറയുന്നു. ഇതോടെ കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് സുധ പൊലീസിൽ പരാതി നൽകി. സ്വത്ത് കൈക്കലാക്കാനായി ഭീഷ്മയും രണ്ടാംഭാര്യയും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സുധ പരാതിയിൽ പറയുന്നു.
അമ്മൂമ്മയുടെ പരാതിയിൽ ചൗക് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പ്രതികളായ ഭീഷ്മയും രണ്ടാംഭാര്യയും ചേർന്ന് ചൂലും, വൈപ്പറും, കത്തിയും സ്കെയിലും ബെൽറ്റും കയറുമുൾപ്പെടെ ഉപയോഗിച്ചാണ് നാലുവയസുകാരനെ കൊല്ലാക്കൊല ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. അസുഖം ബാധിച്ച് മാസങ്ങൾക്ക് മുൻപാണ് കുട്ടിയുടെ അമ്മ മരിച്ചത്.




