മട്ടന്നൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു എന്റെയും തീരുമാനം, പേരാവൂരിൽ മത്സരിക്കുന്നതിൽ സന്തോഷം: കെ കെ ശൈലജ

പേരാവൂര്‍: മട്ടന്നൂരില്‍ മത്സരിക്കേണ്ട എന്നായിരുന്നു തന്റെയും തീരുമാനമെന്ന് കെ കെ ശൈലജ എംഎല്‍എ. പേരാവൂരില്‍ മത്സരിക്കാന്‍ തനിക്കെന്തിനാണ് അതൃപ്തിയെന്നും അവര്‍ ചോദിച്ചു. ഉറച്ച മണ്ഡലമായ മട്ടന്നൂരില്‍ മത്സരിക്കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
മട്ടന്നൂരില്‍ മത്സരിക്കേണ്ടതില്ല എന്നാണ് താനും തീരുമാനിച്ചിരുന്നത്. പേരാവൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. അതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും കെ കെ ശൈലജ പറഞ്ഞു.
പിണറായി വിജയന് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇത്ര ആധുനികമായി കേരളത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പിണറായിക്ക് പങ്കുണ്ട്. 10 വര്‍ഷക്കാലത്തെ മാറ്റം കേരളത്തില്‍ കാണാമെന്നും അവര്‍ പറഞ്ഞു.
‘ജി സുധാകരന്റേത് വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. ഓരോ കാലഘട്ടത്തിലും പാര്‍ട്ടിക്ക് ഓരോ തീരുമാനം ഉണ്ടാകും. പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നവരല്ല ഞങ്ങള്‍. എന്തെങ്കിലും തീരുമാനം വന്നാല്‍ പിണങ്ങി പോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ രീതി. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ല’, കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ അൽപം മുമ്പാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.




