അലുവ അതുലിന്റെ കൊലപാതകം; നാല് പ്രതികള്‍ പിടിയിൽ

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിൽ. ഇതിൽ അതിൽ രണ്ടുപേർ പ്രധാന കുറ്റവാളികളും മറ്റ് രണ്ടുപേർ സഹ കുറ്റവാളികളുമാണ്. എല്ലാ പ്രതികളെയും പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികൾ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചിരുന്നു. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണ കാമറകളിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികൾ വാഹനം മാറി സഞ്ചരിക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു.
അലുവ അതുൽ പൊലീസ് സ്റ്റേഷനിൽ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികൾ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, അലുവ അതുലിന്റെ കൊലപാതകത്തിലുണ്ടായത് പൊലീസിന് ഗുരുതര വീഴ്ചയാണ്. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ് വിവരം ലഭിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് ഈ നിർദേശം അവഗണിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുല്‍ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയില്‍ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാര്‍ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.



