സിപിഐഎം മുൻ ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗം പി കെ ഗംഗാധരൻ അന്തരിച്ചു

സിപിഐ എം മുൻ ഏരിയാ കമ്മറ്റി അംഗവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻകണ്ടി പി.കെ. ഗംഗാധരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം ബാലുശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറിയും ദേശാഭിമാനി സീനിയർ റിപ്പോർട്ടറുമായ പി.കെ. സജിത്ത് മകനാണ്.
1969-ൽ പാർട്ടി അംഗമായ അദ്ദേഹം കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ തൃക്കുറ്റിശേരിയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് പോലീസ് പിടിയിലാവുകയും 21 ദിവസത്തോളം ബാലുശ്ശേരി ലോക്കപ്പിൽ കൊടിയ മർദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. തപാൽപെട്ടി നശിപ്പിച്ചു എന്നാരോപിച്ച് അന്ന് അദ്ദേഹത്തിനെതിരെ കള്ളക്കേസും ചുമത്തിയിരുന്നു.തൃക്കുറ്റിശേരി ബ്രാഞ്ച് സെക്രട്ടറി മുതൽ ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗം വരെയായി അദ്ദേഹം പ്രവർത്തിച്ചു. അവിഭക്ത കോട്ടൂർ ലോക്കൽ സെക്രട്ടറി, അവിടനല്ലൂർ ലോക്കൽ സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും മികച്ച സംഘാടകനായിരുന്നു അദ്ദേഹം. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.




