വയോധികന്റെ ശരീരത്തിൽ തിളച്ചവെള്ളം ഒഴിച്ച പ്രതി മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ;

തൃശൂർ: വടക്കാഞ്ചേരിയിൽ മദ്യലഹരിയിൽ വഴിയരികിൽ കിടന്ന ആളുടെ ശരീരത്തിൽ തിളച്ചവെള്ളം ഒഴിച്ച കേസിലെ പ്രതിയെ മാസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ഏറെ നാളായി നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. തൃശൂർ തെക്കുംകര സ്വദേശി രാജനെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തായ പി.വി. ശശിയുടെ ശരീരത്തിലാണ് കഴിഞ്ഞ തിരുവോണനാളിൽ പ്രതി തിളച്ചവെള്ളം ഒഴിച്ച് ക്രൂരമായി ഉപദ്രവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശശി തൃശൂർ മെഡിക്കൽ കോളേജിൽ രണ്ടുമാസത്തോളം ചികിത്സ തേടിയിരുന്നു. ശശിയെ ക്രൂരമായി ഉപദ്രവിച്ച സംഭവം ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വടക്കാഞ്ചേരി തെക്കുംകര സ്വദേശി പി.വി ശശിക്കാണ് തിരുവോണ നാളിൽ ഗുരുതരമായി പൊള്ളലേറ്റത്.സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും നേരത്തെ പൊലീസ് കേസെടുത്തിരുന്നില്ല. 18 ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ശശിയെ തൃശൂർ മെഡിക്കൽ കോളജിൽ ശശിയെ പ്രവേശിപ്പിച്ചത്.




