Uncategorized
കെഎസ്ആർടിസിക്ക് അധിക സഹായം 10കോടി; രണ്ട് ഗഡു ഡിഎ/ഡിആർ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ രണ്ട് ഗഡു ഡിഎ/ഡിആർ അനുവദിച്ചു. ഏഴു ശതമാനം വർധനയോടെയാണ് ഇവ ലഭിക്കുക. ജീവനക്കാർക്കും പെൻഷൻക്കാർക്കും ആശ്വാസമായാണ് ഡിഎ(ക്ഷാമബത്ത), ഡിആർ(ക്ഷാമാശ്വാസം) എന്നിവ അനുവദിച്ചിരിക്കുന്നത്.
ഇതിനായി പത്തുകോടി രൂപ അധിക സഹായമായി കോർപ്പറേഷന് സർക്കാർ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടർച്ചയായാണ് രണ്ട് ഗഡു ഡി.എ, ഡി.ആർ അനുവദിക്കുന്നത്.
ഈ സാമ്പത്തിക വർഷം ഇതുവരെ 1,574കോടി രൂപയോളമാണ് സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയത്. ഇതിൽ 1439കോടി പ്രത്യേക സഹായം, 135കോടി പുതിയ ബസുകൾ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകൾക്കുമായിരുന്നു.




