Uncategorized

അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരായ കേസ്; 581 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: റിലയന്‍സ് ഹോം ഫൈനാന്‍സ് ലിമിറ്റഡുമായും റിലയന്‍സ് കമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡുമായും ബന്ധപ്പെട്ട് 581.65 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ സാമ്പത്തി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റ ഭാഗമായാണ് 31 ഓളം സ്ഥാവര വസ്തുക്കള്‍ കണ്ടുകെട്ടിയത്.

‘ഗോവ, കര്‍ണാടക, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ എന്നീ 13 സംസ്ഥാനങ്ങളില്‍ നിന്നായി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ അധികവും ഭൂമിയാണ്. വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ച് മാര്‍ച്ച് ആറിന് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്,’ ഇഡി വക്താവ് പറഞ്ഞു.

നേരത്തെയും ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അംബാനിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 15,729 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന സ്വത്തുക്കളാണ് നേരത്തെ കണ്ടുകെട്ടിയത്.

കഴിഞ്ഞ ദിവസം നടന്ന കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ റെയ്ഡ് എന്നിവയുടെ പശ്ചാത്തലത്തില്‍ ഇഡി 2.48 കോടി രൂപയുടെ എഫ്ഡി, മ്യൂച്വല്‍ ഫണ്ട് എന്നിവ കണ്ടുകെട്ടി. ഫെമ ചട്ടം 37എ പ്രകാരം 13 അക്കൗണ്ടുകളില്‍ നിന്നായി 77.86 കോടി രൂപയും പിടിച്ചെടുത്തു.

യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആര്‍സിഎഫ്എല്ലിനും ആര്‍എച്ച്എഫ്എല്ലിനുമെതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

രണ്ട് കമ്പനികളും ഒന്നിലധികം ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പൊതുഫണ്ട് സ്വരൂപിച്ചെന്നും ഇതില്‍ 11,000 കോടി രൂപയിലധികം നിഷ്‌ക്രിയ ആസ്തിയായി മാറിയെന്നും ഇഡി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button