“മാലിന്യ നീക്കം പൂർത്തിയായത് മൂന്ന് ദിവസം കൊണ്ട്”; ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ മേയറുടെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്. മൂന്ന് ദിവസം എടുത്താണ് മാലിന്യ നീക്കം പൂർത്തിയായത്. ക്ഷേത്ര പരിസരത്തെ ചില ഭാഗങ്ങളിൽ മാലിന്യവും ചൂടുകല്ലും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് ട്രസ്റ്റ് എന്നാണ് കോർപ്പറേഷൻ വാദമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടർ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ചെന്നും 811 ടണ്‍ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകളും പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കിയില്ലെന്നും ക്ഷേത്രപരിസരത്തടക്കം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ടെന്നുമുള്ള വാർത്ത ന്യൂസ് മലയാളമാണ് റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ മന്ത്രി വി. ശിവൻകുട്ടി പ്രശ്നത്തിൽ ഇടപ്പെടുകയായിരുന്നു. വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
പിന്നാലെ വാർത്ത നിഷേധിച്ച് മേയർ വി.വി. രാജേഷ് രംഗത്തെത്തിയിരുന്നു. കോർപ്പറേഷൻ ചെയ്യേണ്ട ഉത്തരവാദിത്തം ഭംഗിയായി ചെയ്തിട്ടുണ്ടെന്നും സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പഴയ ചിത്രങ്ങളും വീഡിയോകളുമാണെന്നും വി.വി. രാജേഷിന്റെ വാദം. വിദ്യാഭ്യാസ മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.




