അമേരിക്കക്ക് വൻ തിരിച്ചടി; യുഎസ് വിമാനം ഇറാഖിൽ തകർന്നുവീണു, ആറ് സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ്

തെഹ്റാൻ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടി. യുഎസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ യുഎസ് വിമാനവും തകർന്നുവീണു. ആർ പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് ഇറാഖിന്റെ ചില ഭാഗങ്ങളിലേക്ക് തകർന്നുവീണത്. ഇർബിലിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ്റെ ആക്രമണത്തിൽ നിരവധി യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിന് തിരിച്ചടിയെന്നോണം ഇറാനിലെ ആറായിരം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു.
വിമാനം തകർന്നുവീണതിന് പിന്നിൽ ആക്രമണമല്ല കാരണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. അതേസമയം, അമേരിക്കൻ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാൻ റെവല്യൂഷണറി ഗാർഡ് ഏറ്റെടുത്തു. ചെറുത്തുനിൽപ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകർത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കൊലപ്പെടുത്തിയതായി ഐആർജിസി പ്രതികരിച്ചു.
നേരത്തെ, ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞടുക്കപ്പെട്ട മുജ്തബ ഖാംനഈ പദവി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യസന്ദേശത്തിൽ, ഇറാന്റെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അയൽരാജ്യങ്ങളുമായി സൗഹൃദം തുടരുമ്പോഴും യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ മുജ്‌തബ ഖാംനഈ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണിയിൽ കനത്ത ഇടിവാണ് ഇന്നലെ മുതൽ രേഖപ്പെടുത്തപ്പെട്ടത്.
യുഎസുമായി ചേർന്ന് ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന്റെറെ 13-ാം ദിവസത്തിലാണ് പരമോന്നത നേതാവിൻ്റെ പ്രസ്‌ാവന. ഫെബ്രുവരി 28ന് യുഎസ് ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്‌തബയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്.
ആക്രമണത്തിൽ മുജ്‌തബക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.




