ഒന്നിക്കാന്‍ ആഗ്രഹിച്ചു, യാത്രയായത് ഒരുമിച്ച്; വാഹനാപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ദേശീയപാത 766ല്‍ മുത്തങ്ങ കല്ലൂര്‍ 67ല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടില്‍ അംനത്ത് (25) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇരുവരും അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബത്തേരി പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുനൽകും.




