Uncategorized

രണ്ടാം പീഡനക്കേസ്; ‘രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചത് സ്വാധീനിക്കാൻ വേണ്ടി’; അന്വേഷണ സംഘം കോടതിയിൽ

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചത് സ്വാധീനിക്കാൻ വേണ്ടിയെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഫോണിൽ വിളിച്ചത് സ്വാധീനിക്കാനും തുടർനടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ഹർജിയിൽ കോടതി വാദം കേൾക്കുമ്പോഴാണ് അന്വേഷണ സംഘം ഇത്തരത്തിൽ അറിയിച്ചത്.

അറിയാതെയാണ് കോൾ പോയതെന്ന രാഹുലിൻ്റെ വാദം തെറ്റാണെന്നും അന്വേഷണ സംഘം പറഞ്ഞു. റീസെന്റ് കോൾ ഹിസ്റ്ററിയിൽ നമ്പറുണ്ടെങ്കിൽ മാത്രമേ അറിയാതെ കോൾ പോകുകയുള്ളൂ. രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ പരാതിക്കാരിയെ വിളിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. കേസിൽ കോടതി വെള്ളിയാഴ്ച കൂടുതൽ വാദം കേൾക്കും.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ രാഹുൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതിജീവിത നല്‍കിയ പരാതി അടക്കം കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പൊലീസ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഫെബ്രുവരി പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്‌ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. രാഹുല്‍ ഇത് ലംഘിച്ചെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞത്.

രണ്ടാം ബലാത്സംഗക്കേസില്‍ ഡിസംബര്‍ പത്താം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിനിയായ 23കാരിയായിരുന്നു രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. കോൺഗ്രസിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് യുവതി പറഞ്ഞിരുന്നു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. ശശീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്നും യുവതി പറഞ്ഞിരുന്നു.

തന്റെ ടെലഗ്രാം നമ്പര്‍ സംഘടിപ്പിച്ച ശേഷമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ താനുമായി അടുപ്പം സ്ഥാപിച്ചതെന്നും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറില്‍ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ ‘ഐ വാണ്ട് ടു റേപ്പ് യൂ’ എന്ന് രാഹുല്‍ ആവര്‍ത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുല്‍ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താന്‍ തകര്‍ന്നുവെന്നും അതിജീവിത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button