നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല’; മന്ത്രി മുഹമ്മദ് റിയാസിനോട് ക്ഷമാപണം നടത്തി യുഎൻഎ നേതാവ് ജാസ്മിൻ ഷാ

കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടന്ന നഴ്‌സുമാരുടെ സമരത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിൻ്റെ വാഹനത്തിന് നേരെ കൂവി വിളിച്ച നടപടിയിൽ യുഎൻഎ (UNA) നേതാവ് ജാസ്മിൻ ഷാ ഖേദം പ്രകടിപ്പിച്ചു. മന്ത്രി ആ കൂകി വിളിക്ക് അർഹനല്ലെന്നും നടന്നത് തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സമരപ്പന്തലിന് മുന്നിലൂടെ മന്ത്രിയുടെ യാത്ര കടന്നുപോയപ്പോൾ പ്രവർത്തകർ കൂവി വിളിച്ചതിൻ്റെ പശ്ചാത്തലം ജാസ്മിൻ ഷാ വിവരിക്കുന്നുണ്ട്. മാർച്ച് 4-ന് തിരുവനന്തപുരത്ത് നടത്താനിരുന്ന നഴ്‌സുമാരുടെ കൺവെൻഷന് നിശാഗന്ധി ഓഡിറ്റോറിയം അനുവദിച്ച ശേഷം അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെയും ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് അനുമതി നിഷേധിച്ചതെന്ന വിവരം ഉദ്യോഗസ്ഥർ വഴി അറിഞ്ഞത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനുപുറമെ, സംഘടനയ്ക്കും തനിക്കുമെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ പ്രവർത്തകർക്കിടയിൽ പാർട്ടി നേതാക്കളോട് എതിർപ്പുണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാഹനം കടന്നുപോയപ്പോൾ സംഘടനയ്ക്ക് പുറത്തുള്ള ആരോ ഒരാൾ കൂവിയെന്നും അത് പ്രവർത്തകർ ഏറ്റുപിടിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. മന്ത്രിക്കുണ്ടായ വൈഷമ്യത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതായും ജാസ്മിൻ ഷാ അറിയിച്ചു. മാധ്യമങ്ങളോട് നേരത്തെ തന്നെ സംഘടനയുടെ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്,
നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല…
ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോൾ സമരപന്തലിലെ എൻ്റെ സഹപ്രവർത്തകർ താങ്ങളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ ഞാൻ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്.ഈ വിഷയത്തെ കുറിച്ച് ഞാൻ ഓരോ സമര ഭടന്മാരോടും ഞാൻ അന്യോഷിച്ചപ്പോൾ ആരോ കൂകി അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്നതാണ്
മനസിലായത്. ചിലർ അത് വലിയ വാർത്തയാക്കി.
തിരുവനന്തപുരത്ത് മാർച്ച് 4 ന് നടക്കാൻ പ്ലാൻ ചെയ്തിരുന്ന നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നു.എന്നാൽ സമരത്തിൻ്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങൾക്ക് അനുമതി നിഷേധിച്ചു. എന്നാൽ ഇത്തിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തിൽ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവരായിരുന്നു പ്രവർത്തകരിൽ ഭൂരിഭാഗവും.
സൈബർ പോരാളികളായ ചിലർ മാനേജ്മെൻറുകളേക്കാൾ ശകതമായ രീതിയിൽ എനിക്കെതിരെയും, യുഎൻഎക്കെതിരെയും ആക്രമണങ്ങൾ നടത്തുന്നത് സംഘടനാ അംഗങ്ങൾക്കുള്ളിൽ ശകതമായ എതിർപ്പ് ആ പാർട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവർത്തകർക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരിൽ ആ പാർട്ടിയിലെ നേതാക്കളോടുള്ള എതിർപ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങൾ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിൻ്റ യാത്ര അത് വഴി കടന്നു പോവുകയും അരോ ഒരാൾ ( സംഘടനക്ക് ഉള്ളിലുളള ആളല്ല ) കൂവുകയും അത് ഞങ്ങളുടെ പ്രവർത്തകർ ഏറ്റു കൂവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്.
ഞാൻ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എൻ്റെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്യം ഞാൻ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ,



