Uncategorized

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; അഞ്ചലിൽ പൂജാരി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തിൽ പോറ്റി കവർച്ച നടത്തിയത്. ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന പ്രതി, ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ ജില്ലകളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും ഏതാനും മാസങ്ങൾ ജോലി ചെയ്തിരുന്നു.

പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചൽ ക്ഷേത്രത്തിലുണ്ടായ കവർച്ചയിൽ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button