Uncategorized

പിഞ്ചു കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി

പിഞ്ചു കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കോഴിക്കോട് റയിൽവേ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം. മംഗളുരു-പാലക്കാട് സ്പെഷ്യൽ ട്രെയിൻ രാവിലെ 10.10നു കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴാണ് ആറുമാസം പ്രായമായ കുഞ്ഞിനെ ട്രെയിനിലെ സീറ്റിൽ കിടത്തിയിട്ട് അമ്മ ഇറങ്ങിപ്പോയത്.

ട്രെയിൻ കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മുപ്പതു വയസ് തോന്നിക്കുന്ന യുവതി ആറുമാസം പ്രായമായ കൈകുഞ്ഞിനെ സീറ്റിൽ കിടത്തിയ ശേഷം സഹയാത്രികരോട് വസ്ത്രം മാറി വരാമെന്നറിയിച്ച് ഇറങ്ങിപോയത്. ട്രെയിൻ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിലുണ്ടായിരുന്ന അബ്‌ദുൾ അസീസെന്ന യാത്രക്കാരൻ കുഞ്ഞിനെയെടുത്ത് സ്റ്റേഷൻ സുപ്രണ്ടിനെ ഓഫീസിലെത്തി വിവരം അറിയിച്ചു. കുഞ്ഞിനെയും കൈമാറി. സ്റ്റേഷൻ അധികൃതർ പൊലീസിലും ചൈൽഡ് ലൈനിലും അറിയിച്ചു. കോഴിക്കോട് സ്റ്റേഷനിൽ നടത്തിയ തിരച്ചിലിൽ യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് പിന്നീട് കണ്ടെത്തി ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഫറോക്കിലെത്തി കുട്ടിയെഏറ്റെടുത്തു സുരക്ഷിതമാക്കി.

യുവതിക്കു മാനസിക പ്രശ്‌നങ്ങളെന്നു സൂചന

ഒരുമാസത്തിലേറയായി റയിൽവേ സ്റ്റേഷൻ പരിസത്ത് അലഞ്ഞു തിരിയുന്ന മുക്കം സ്വദേശിയാണ് അമ്മ. ഭർത്താവുമായി പിരിഞ്ഞു കഴിയുന്നുവെന്നാണ് ഇവർ ആർ.പി.എഫിനെയും റയിൽവേ പൊലീസിനെയും അറിയിച്ചിരിക്കുന്നത്. ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യം കാണിക്കുന്നതായി ആർ.പി.എഫ് പറയുന്നു. വീട്ടുകാരുമായി ബന്ധമില്ലാതെയാണ് ഏറെ കാലമായി കഴിയുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കുഞ്ഞ് റസ ഹോമിൽ

ചൈൽഡ് ലൈൻ അറിയിച്ചതനുസരിച്ച് കുഞ്ഞിനെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തു. അമ്മയുടെ വശം കുട്ടി സുരക്ഷിതമല്ലെന്നു പ്രാഥമികമായി ബോധ്യപെട്ടതിന്റെ അടിസ്‌ഥാനത്തിലാണു നടപടിയെന്നും കുട്ടിയെ പിന്നീട്കോൺവെന്റ് റോഡിലെ സെന്റ് ജോസഫ് റെസ്ക്യൂ ഹോമിലേക്ക് മാറ്റിയതായും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ശൈനി മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു. ഇതുവരെ അമ്മയും കുഞ്ഞുമായി ബന്ധപെട്ട ആരും റയിൽവേ പൊലീസുമായോ, ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായോ ബന്ധപെട്ടിട്ടില്ല. കുട്ടിയെ അമ്മയ്ക്ക് തന്നെ തിരികെ നൽകണമോ അതോ സംരക്ഷണ കേന്ദ്രത്തിൽ തുടരണമോയെന്നതു സംബന്ധിച്ചു പിന്നീട് തീരുമാനിക്കുമെന്ന് ജില്ല ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ സിജി എ. റഹീം മനോരമ ന്യൂസ്.കോമിനോടു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button