Uncategorized

കല്ലിട്ട് നേതാക്കൾ പോയി; മാലിന്യം പോലും നീക്കിയില്ല: എന്തിനെന്നറിയാതെ കോൺഗ്രസിന്റെ പ്രഹസനം

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതരെ ചേർത്തുപിടിച്ച ഇടതു സർക്കാരിനെതിരെ നിരന്തരം പ്രചാരണം നടത്തുന്ന കോൺഗ്രസിന്റെ ഭവനപദ്ധതിയിൽ അടിസ്ഥാന നിർമാണപ്രവൃത്തികൾ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 26ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി കൊട്ടിഘോഷിച്ച് കല്ലിട്ടു പോയ സ്ഥലത്ത് അതിനുശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പരിപാടിക്ക് പങ്കെടുത്തവർ കുടിച്ച വെള്ളത്തിന്റെ കുപ്പിയടക്കമുള്ള മാലിന്യങ്ങൾ പോലും മാറ്റമില്ലാതെ കിടക്കുകയാണെന്ന് യുഡിഎഫ് മാധ്യമത്തിനു പോലും റിപ്പോർട്ട് ചെയ്യേണ്ടിവന്നു.
കൊട്ടിഘോഷിച്ച് വീടിന് തറക്കല്ലിട്ടിട്ടും ഒരാഴ്ചയായിട്ടും യാതൊരു പണിയും ആരംഭിച്ചിട്ടില്ല. കല്ലിട്ടിട്ട് പോയ വയനാട് എംപിക്കു പിന്നാലെ മറ്റ് കോൺഗ്രസ് നേതാക്കളും മുങ്ങി. പരിപാടികൾക്കായി മാത്രം വയനാട്ടിലേക്ക് വരുന്ന എംപിയും പിന്നീട് മിണ്ടിയിട്ടില്ല. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി, സർക്കാർ നിർമിച്ച ആദ്യ ഘട്ട ടൗൺഷിപ്പിലെ വീടുകൾ കൈമാറിയിട്ടും കോൺഗ്രസിൻ്റെ വീടുകൾ എന്ന് നിർമിക്കുമെന്ന് വ്യക്തമാക്കുന്നില്ല. നാഴികയ്ക്ക് നാൽപ്പതുവട്ടം സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവിനും കോൺഗ്രസിൻ്റെ വീടുകളെപ്പറ്റി മിണ്ടാട്ടമില്ല. ദുരന്തമുണ്ടായി കുറച്ചുനാളിനുള്ളിൽ പ്രഖ്യാപിച്ചെങ്കിലും ദുരന്തത്തിന് രണ്ട് വർഷം പൂർത്തിയാകാൻ പോകുന്ന വേളയിലും കോൺഗ്രസിന്റെ വീടുകളെപ്പറ്റി നേതാക്കൾക്കോ അണികൾക്കോ വ്യക്തതയില്ല.
കൃത്യമായ നിയമനടപടികളിലൂടെയാണ് സർക്കാർ ദുരിത ബാധിതർക്ക് ടൗൺഷിപ് ഒരുക്കിയത്. ദുരിതബാധിതരുടെ കൃത്യമായ കണക്കെടുത്ത് വീടുകൾ നൽകി. വീടുകൾ ആവശ്യമില്ലാത്തവർക്ക് തുകയും ലഭ്യമാക്കി. പിന്നീട് ആർക്കുവേണ്ടിയാണ് കോൺഗ്രസ് വീടുകൾ പണിയുമെന്ന് പറയുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. കല്ലിട്ട സ്ഥലത്തെ ശിലാഫലകം പോലും കെട്ടിടത്തിന്റെ ഭിത്തിയിൽ ചാരി വച്ച നിലയിലാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന കോൺ ഗ്രസ് ദുരിതബാധിതരുടെ പേരിൽ വോട്ടുപിടിക്കാനുള്ള ശ്രമമാണ് കല്ലിടൽ നാടകത്തിലൂടെ നടത്തിയതെന്നും വ്യക്തമാകുന്നു. കാട്ടാനക്കൂട്ടം ഇറങ്ങുന്ന ഭൂമി ദുരിത ബാധിതർക്കെന്നെ പേരിൽ വാങ്ങിയും കല്ലിട്ട ശേഷം തിരിഞ്ഞുനോക്കാതെയും കോൺഗ്രസ് വലിയ ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതയെയാണ് വഞ്ചിച്ചത്.
ഉറ്റവരും നാടും വീടുമെല്ലാം പോയവരുടെ കണ്ണീർവിറ്റാണ് കോൺഗ്രസ് പണം പിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് തടസമുണ്ടാക്കിയാണ് കോൺഗ്രസ് പണം പിരിച്ചത്. എന്നാൽ അതിനു ശേഷം പിരിച്ച പണം എവിടെയെന്നുപോലും കോൺഗ്രസ് പറയുന്നില്ല. സർക്കാരും സന്നദ്ധ സംഘടനകളും വീട് നൽകിയശേഷം കോൺഗ്രസ് തറക്കല്ലിടുമെന്ന് പറയുന്ന ഭവന പദ്ധതിയിലൂടെ ആർക്കാണ് വീട് നൽകുക എന്ന ചോദ്യമാണ് കല്ലിടൽ നാടകത്തിനു ശേഷവും ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button