Uncategorized

ആന്റണി രാജുവിന്‍റെ ഭാവി ഇന്നറിയാം; ശിക്ഷാവിധി കോടതി മരവിപ്പിച്ചാൽ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനം

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി രാജുവിനെതിരായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചു.

വിധി അനുകൂലമാണെങ്കിൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്.

തിരുവനന്തപുരത്തെ വിജയസാധ്യതയും പുതിയ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി വിജയിപ്പിച്ചെടുക്കാൻ നിലവിൽ ബുദ്ധിമുട്ടാണ് എന്നതുമാണ് സിപിഐഎം ആന്റണി രാജുവിലേക്ക് തന്നെ എത്താനുള്ള കാരണം. ആൻ്റണി രാജുവിനെതിരായ പ്രചാരണങ്ങളെ എൽഡിഎഫിന് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാനാകുമെന്നും സംസ്ഥാനവ്യാപക പ്രചാരണമുണ്ടായാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തൽ. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ സീറ്റിൻ്റെ കാര്യത്തിൽ പിന്നാലെ തീരുമാനമെടുക്കാൻ എന്നാണ് സിപിഐഎം നിലപാട്.

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഇന്നാണ് കോടതി പരിഗണിക്കുക. രൂക്ഷമായ വാദമാണ് ഈ ആവശ്യത്തിൽ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയില്‍ നിന്ന് ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയത്. തൊണ്ടിമുതല്‍ കൈമാറാന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.

ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനുവരി മൂന്നാം തീയതിയായിരുന്നു ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ആന്ററണി രാജുവിന്റെ നിയമസഭാ അംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button