Uncategorized
കല്യാണം കഴിച്ചാൽ 10,000രൂപ സമ്മാനം, ഓഫർ ആദ്യ വിവാഹത്തിന് മാത്രം, ഇത് കെബിപിഎസ് തീരുമാനം

കാക്കനാട്: കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർക്ക് വിവാഹസമ്മാനമായി ഇനി 10,000രൂപ ലഭിക്കും. ഇതിനായി ആകെ ചെയ്യേണ്ടത് വിവാഹ ക്ഷണക്കത്തും വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നത് മാത്രമാണ്. ഇനി വരനും വധുവും കെബിപിഎസ് ജീവനക്കാരാണെങ്കിൽ ഇരുവർക്കും പതിനായിരം രൂപ വീതം വിവാഹസമ്മാനമായി ലഭിക്കും.
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. എന്നാൽ ഇത് വൈകിയാൽ കിട്ടിയ സമ്മാനത്തുക ശമ്പളത്തിൽ നിന്നും തിരികെ പിടിക്കും. മാത്രമല്ല മറ്റൊരു കണ്ടീഷൻ ആദ്യ വിവാഹമാണെങ്കിൽ മാത്രമേ ഈ സമ്മാനം ലഭിക്കുകയുള്ളു എന്നതാണ്.
വിവാഹസമ്മാനവുമായി ബന്ധപ്പെട്ട സർക്കുലർ മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ പുറത്തിറക്കിയിട്ടുണ്ട്. കെബിപിഎസ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനെയാണ് സമ്മാനം നൽകാൻ എംഡി ചുമതലപ്പെടുത്തിയിരിക്കുന്നത്.




