മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളോ?; പ്രചാരണത്തിന് പിന്നിലെ വസ്തുതയെന്ത്?

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് വ്യാജ പ്രചാരണം. മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വേദിയിലും സദസിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പ്രചാരണം. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചായിരുന്നു ഇത്തരത്തിലൊരു പ്രചാരണം നടന്നത്. സിപിഐഎം നേതാക്കള്‍ പോലും പരിപാടിയില്‍ നിന്ന് വിട്ടുനിന്നുവെന്നും പ്രചരിക്കപ്പെട്ടു. എന്നാല്‍ വാസ്തവം അതല്ല.
കണ്ണൂരിലെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് പൊതുവേദിയില്‍ എത്തിയത്. ആറന്മുള നിയമസഭ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ എക്‌സിബിഷനും കലാമേളയും അടങ്ങുന്ന ആരോഗ്യം ആനന്ദം പരിപാടിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മന്ത്രി പൊതുപരിപാടിയില്‍ സജീവമായത്. ഇതിന് ശേഷം ഇലന്തൂരില്‍ പണിയുന്ന പുതിയ സര്‍ക്കാര്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി പങ്കെടുത്തു. തുടര്‍ന്ന് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്.
ആയുഷ് ആരോഗ്യം ഫെസ്റ്റിനായി ഒരുക്കിയിരുന്ന വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഈ വേദിയിലാണ് കലാപരിപാടികള്‍ അടക്കം നടക്കുന്നത്. വേദിയില്‍ മന്ത്രിക്കൊപ്പം നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുണ്ടായിരുന്നു. കലാപരിപാടികള്‍ വൈകിട്ടാണ് തീരുമാനിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ആ സമയത്താണ് ആളുകള്‍ എത്തിയത്. അതിന് മുന്‍പ് വന്ന ആളുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് ശേഷം സംഘടിപ്പിച്ച കലാപരിപാടിക്ക് വലിയ ജനപിന്തുണയുണ്ടാകുകയും ചെയ്തു.
ആരോഗ്യവകുപ്പ് സംഘടിപ്പിക്കുകയും മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുകയും ചെയ്ത പരിപാടിയുടെ ജനപങ്കാളിത്തം തുറന്നുകാട്ടി സിപിഐഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐഎം എറണാകുളം സെക്രട്ടറിയേറ്റ് അംഗം കെ എസ് അരുണ്‍കുമാര്‍ അടക്കം രംഗത്തെത്തി. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം. ‘മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒഴിഞ്ഞ കസേരകള്‍ എന്ന് പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ പി ഉദയഭാനുവിന്റെ പ്രതികരണം.
‘ഏതെല്ലാം തരത്തിലാണ് വേട്ടയാടലുകള്‍’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. പ്രോഗ്രാം ആരംഭിക്കുന്നതിന് മുന്‍പോ പരിപാടി അവസാനിച്ചതിന് ശേഷമോ ഉള്ള സദസിന്റെ ചിത്രം എടുത്ത് സ്വന്തം ഭാവനയ്ക്കും ആഗ്രഹത്തിനും അനുസരിച്ച് പ്രചരിപ്പിക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് മാധ്യമങ്ങള്‍ നേതൃത്വം നല്‍കുന്നത് ഇതാദ്യമല്ലല്ലോയെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.
കെ എസ് അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഏതെല്ലാം തരത്തിലാണ് വേട്ടയാടലുകള്‍? കെഎസ്യു അക്രമികളുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കുശേഷം പൊതുപരിപാടിയില്‍ എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരിപാടിയില്‍ ജനപങ്കാളിത്തം ഇല്ല എന്ന രൂപത്തില്‍ ഒഴിഞ്ഞ കസേരകള്‍ പ്രദര്‍ശിപ്പിക്കുന്ന മനോരമ വാര്‍ത്ത കണ്ടു. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണ്?. മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒഴിഞ്ഞ കസേരകള്‍ എന്ന് പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ കാണുക. പ്രോഗ്രാം ആരംഭിക്കുന്നതിനു മുന്‍പോ പരിപാടി അവസാനിച്ചതിനുശേഷമോ ഉള്ള സദസിന്റെ ചിത്രം എടുത്ത് സ്വന്തം ഭാവനക്കും ആഗ്രഹത്തിനും അനുസരിച്ച് പ്രചരിപ്പിക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നേതൃത്വം കൊടുക്കുന്നത് ഇത് ആദ്യമല്ലല്ലോ. നുണപ്രചരണങ്ങള്‍ കൊണ്ടും വ്യാജവാര്‍ത്തകള്‍ കൊണ്ടും ആക്രമിക്കാന്‍ ആണ് നിങ്ങളുടെ പരിപാടിയെങ്കില്‍ ഹൃദയത്തോട് ചേര്‍ത്ത് സംരക്ഷിക്കാനാണ് ഞങ്ങളുടെ പരിപാടി.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് പത്തനംതിട്ട ഫെസ്റ്റ് നടക്കുന്നത്. എക്‌സിബിഷന്റെ ഭാഗമായി ക്യാന്‍സര്‍ സ്‌ക്രീനിങ്, ജീവിതശൈലി രോഗനിര്‍ണയം, നേത്ര ചികിത്സ, ഡയബറ്റിസ് ന്യൂറോപ്പതി എന്നിവ നടക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് കലാപരിപാടികള്‍ നടക്കുന്നത്. പത്തനംതിട്ട പഴയ ജിയോ മൈതാനിയിലാണ് ഫെസ്റ്റ് നടക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഫെസ്റ്റ് അവസാനിക്കും.




