Uncategorized

ദുബായ് യുഎസ് കോൺസുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം; ആക്രമണത്തെ അനുകൂലിച്ചവർ ബഹ്റൈനിൽ പിടിയിൽ

ദുബായിലെ യുഎസ് കോൺസുലേറ്റിനുനേരെ ഇറാന്റെ ആക്രമണശ്രമം. ഡ്രോൺ ആക്രമണശ്രമം തകർത്തെന്ന് ദുബായ്. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അൽ ഉദെയ്ദിലും മിസൈൽ ആക്രമണമുണ്ടായി. അതിനിടെ, കഴിഞ്ഞരാത്രി തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ടയർ ജില്ലയിൽ വ്യോമാക്രമണത്തെത്തുടർന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. അതേസമയം ഇറാൻ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇറാൻ ആക്രമണത്തെ നേരിടാൻ സജ്ജമെന്നും ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി. ഇറാൻ സൈന്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന രണ്ട് സംഘങ്ങളിലെ പത്തുപേരെ അറസ്‌റ്റ് ചെയ്തെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഏഴുപേർ ചാരപ്രവർത്തനങ്ങൾക്കും മൂന്നുപേർ അട്ടിമറിപ്രവർത്തനങ്ങൾക്കുമായാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബഹ്റൈനിൽ ഇറാൻ ആക്രമണത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ട രണ്ടുപേർ പിടിയിലായി. അറസ്‌റ്റിലായവരിൽ ഒരാൾ സൈനികകേന്ദ്രങ്ങളുടെ ദൃശ്യം പകർത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ തെറ്റായ ചിത്രം പ്രചരിപ്പിച്ച ഒരാളും പിടിയിലായി.
അതിനിടെ, പ്രതിരോധ ആവശ്യങ്ങൾക്കായി മെഡിറ്ററേനിയൻ കടലിൽ വിമാനവാഹിനികപ്പലും സൈപ്രസിലേക്ക് യുദ്ധക്കപ്പലും അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഊർജവിതരണത്തിൻ്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്‌തമാക്കി. അതേസമയം, ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുൻപ് തങ്ങൾ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേലിന്റെ പിടിവാശിക്ക് വഴങ്ങിയെന്ന വാദം തള്ളിയ ട്രംപ്, ഇസ്രയേലിനെ യുഎസ് ആണ് നിർബന്ധിച്ചതെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സൈനികതാവളം നിഷേധിച്ചതിനാൽ സ്പെയിനുമായി ഇനി വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം തുടങ്ങിയശേഷം ഇതുവരെ ഒൻപതിനായിരം അമേരിക്കക്കാരെ പശ്ചിമേഷ്യയിൽ നിന്ന് മടക്കിയെത്തിച്ചെന്നും ട്രംപ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button