Uncategorized

തളിപ്പറമ്പിൽ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം; സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും, നാളെ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. വിവിധ ജില്ലാ സെക്രട്ടറിയേറ്റുകൾ തയ്യാറാക്കിയ പട്ടികയാണ് പരിഗണനയ്ക്ക് വരുന്നത്. സീറ്റ് വിഭജനം പൂർത്തിയാക്കാൻ വൈകിട്ട് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി സിപിഐയുടെ നിർവാഹസമിതിയും തിരുവനന്തപുരത്ത് ചേരും.
എല്ലാ ജില്ലാ സെക്രട്ടറിയേറ്റുകളും തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു. ചില തിരുത്തലുകൾ വരുത്തിയാണ് പട്ടിക ജില്ലാ നേതൃത്വത്തിന് തിരികെ കൈമാറിയത്. ഉടുമ്പിൻ ചോലയിൽ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രനെയും, തൃപ്പൂണിത്തുറയിൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണനെയും മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശ
മട്ടന്നൂരിൽ നിന്ന് കഴിഞ്ഞ തവണ ജയിച്ച കെ.കെ ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. പേരാവൂരിൽ മത്സരിക്കണമെന്ന് പൊതു അഭിപ്രായം ഉയർന്നു വന്നതോടെ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് കെ.കെ ശൈലജയുടെ പേര് അവിടെ ഉൾപ്പെടുത്തി. എന്നാൽ തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന് വീണ്ടും സീറ്റില്ല. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്നത്. എന്നാൽ ശ്യാമളയുടെ സ്ഥാനാർഥിത്വ നിർദേശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. പാർട്ടി തീരുമാനം തിരുത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ അണികൾ. പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ പാർട്ടി ഗ്രൂപ്പുകളിലും രൂക്ഷ പ്രതികരണം.
കായംകുളത്ത് നിന്ന് യു. പ്രതിഭ തന്നെ മത്സരിക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പേര് പരിഗണിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. കോട്ടയം സീറ്റിൽ അനിൽകുമാർ തന്നെ മത്സരിക്കാനാണ് സാധ്യത. ബാക്കി സീറ്റുകളിൽ എല്ലാം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിട്ടുണ്ട്.
കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ്. ജയമോഹനും, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറും മത്സരിക്കുകയാണെങ്കിൽ പകരം ചുമതലക്കാരെ കണ്ടെത്തും.

ഇടതുമുന്നണി യോഗം വൈകിട്ട് 3 മണിക്ക് ചേരുന്നുണ്ട്. സീറ്റ് വിഭജനം ഇന്നത്തോടെ പൂർത്തിയാകും. സിപിഐ 25 സീറ്റിലും,കേരള കോൺഗ്രസ് എം 12 സീറ്റിലും മത്സരിക്കും.

ജനാധിപത്യ കേരള കോൺഗ്രസിന്റെ കയ്യിലുള്ള തിരുവനന്തപുരം സീറ്റിൻ്റെ കാര്യത്തിൽ ഇന്നത്തോടെ വ്യക്തത ഉണ്ടാകും. മൂന്ന് ടേം വ്യവസ്ഥ നിർബന്ധമാക്കിയതോടെ ആറ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചിരുന്നു. ഇന്നത്തെ നിർവാഹസമിതി യോഗം വിശദമായി ഇകാര്യങ്ങൾ ചർച്ച ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button