കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയത്ത് ലഹരിമരുന്നിനെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി മുട്ടുചിറയിൽ വെച്ച് വൻ ലഹരിമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പിടികൂടി. പേരൂർ സ്വദേശി നാദിർഷ, ആർപ്പൂക്കര സ്വദേശി ആൽബിൻ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 140 ഗ്രാം എം.ഡി.എം.എ (MDMA) കണ്ടെടുത്തു.
ജില്ലാ ഡാൻസാഫ് (DANSAF) ടീമും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ സിനിമാറ്റിക്കായ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൈകാണിച്ചിട്ടും നിർത്താതെ പോയ പ്രതികളുടെ കാറിനെ പൊലീസ് പിന്തുടരുകയും, ഒടുവിൽ കല്ലെറിഞ്ഞ് കാർ നിർത്തിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയുമായിരുന്നു.
പിടിച്ചെടുത്ത എം.ഡി.എം.എ ബെംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്ന് ശൃംഖലയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




