ആയുസ് കുറവാണെന്ന് ജ്യോതിഷിയുടെ പ്രവചനം; 28കാരി ജീവനൊടുക്കി

ബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം. എൻഇഎൽ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. കുടക് സ്വദേശിയായ ഒരു യുവാവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിന് കുടുംബങ്ങൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഭാവികാര്യങ്ങൾ അറിയാനായി യുവതി ആഴ്ചകൾക്ക് മുമ്പ് ഒരു ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടിയതായി പൊലീസ് പറയുന്നു.
യുവതിക്ക് ആയുസ് കുറവാണെന്നും അതിനാൽ പ്രത്യേക പൂജകൾ ആവശ്യമാണെന്നുമാണ് ജ്യോതിഷി പറഞ്ഞത്. ഏറെക്കാലത്തെ ദാമ്പത്യജീവിതത്തിന് പൂജകൾ അത്യാവശ്യമാണെന്നും ജ്യോതിഷി ധരിപ്പിച്ചു. ഇത് പ്രകാരം യുവതിയുടെ വീട്ടിൽ ഒമ്പത് ദിവസത്തെ പൂജകൾ നടന്നു. എന്നാൽ, യുവതി ഇതിന് പിന്നാലെ കടുത്ത ആശങ്കയിലായിരുന്നു. ഇത് മനസ്സിലാക്കിയ കുടുംബാംഗങ്ങൾ യുവതിയെ പലപ്പോഴായി ആശ്വസിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം കഴിഞ്ഞ് മുറിയിൽ പോയതിന് പിന്നാലെ യുവതിയുടെ പ്രതികരണമൊന്നും ഉണ്ടായില്ല. യുവതി വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ ജോലിത്തിരിക്കിലായിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ, എട്ട് മണിയോടെ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. ഇതോടെ ജനൽ വഴി നോക്കിയ ബന്ധുക്കൾ കണ്ടത് യുവതിയെ ജീവനൊടുക്കിയ നിലയിലാണ്.
ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ ജോലിത്തിരിക്കിലായിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ, എട്ട് മണിയോടെ വിളിച്ചിട്ടും യുവതി പ്രതികരിച്ചില്ല. ഇതോടെ ജനൽ വഴി നോക്കിയ ബന്ധുക്കൾ കണ്ടത് യുവതിയെ ജീവനൊടുക്കിയ നിലയിലാണ്.
ബഗലഗുണ്ട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, യുവതി ജീവനൊടുക്കിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.




