Uncategorized

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ലാപ്ടോപ്പും ബാഗും കണ്ടെത്തിയത് ബീച്ചിന് സമീപം

ഡബ്ലിൻ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രേ മേഖലയിലെ കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ രണ്ട് ദിവസം മുൻപാണ് കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കർണാടകയിലെ ബെംഗളൂരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്‌ഥലം മാറി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയാണ് അശ്വതിയെ തേടി മരണമെത്തിയത്.
ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ കോസ്‌റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അത് അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടിക്രമങ്ങൾ പൂർത്തിയായാലുടൻ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button