പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലേക്ക് ക്ഷണമുണ്ട്, പങ്കെടുക്കില്ല, അത്തരം ചിന്തയൊന്നും വന്നിട്ടില്ല; പ്രേം കുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗ യാത്രയിലേക്ക് ക്ഷണമുണ്ടെന്നും എന്നാലതിൽ പങ്കെടുക്കില്ലെന്നും പ്രേം കുമാർ. പുതുയുഗയാത്രയിൽ പങ്കെടുക്കില്ല. അത്തരം ചിന്തയെന്നും വന്നിട്ടില്ല. താൻ കമ്മ്യൂണിസ്റ്റ് ചിന്തകൾ ഉള്ളിൽ പേറുന്ന വ്യക്തിയാണ്, അത് എന്നും ഉള്ളിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തനിക്ക് അസ്പൃശ്യത ഉള്ള പ്രസ്ഥാനമല്ല. തനിക്ക് കോൺഗ്രസ് പശ്ചാത്തലം ഉണ്ട് എന്നുള്ളത് വസ്തുതയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാല് വർഷത്തോളം മികച്ച രീതിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചിട്ടും
തന്നെ പുറത്താക്കുമ്പോൾ സഹപ്രവർത്തകരോട് ഒരു നന്ദിവാക്ക് പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. തന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി വന്നിരുന്നു. ആ പരിപാടി പോലും തന്നെ അറിയിച്ചിരുന്നില്ല. കൊച്ചിയിൽ നടത്തിയ സാംസ്‌കാരിക സംഗമത്തിലേക്ക് തന്നെ ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. അറിയിക്കരുതെന്ന് നിർദേശമുണ്ടോ എന്നത് അറിയില്ലെന്നും പ്രേം കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ജെ സി ഡാനിയേൽ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തേണ്ടിയിരുന്നത് ജി ആർ അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് തുടങ്ങിയവരായിരുന്നു. എന്നാൽ ഇവരാരും ആ വേദിയിൽ എത്തിയില്ല. സംഘാടകരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് പുരസ്‌കാരം തനിക്കാണെന്ന് പ്രഖ്യാപിക്കുന്നത് വരെ ഇവരെല്ലാം വരാമെന്നാണ് പറഞ്ഞിരുന്നതെന്നും, എന്നാൽ ആരും വന്നില്ലെന്നുമാണ്. തന്നെ അവഹേളിക്കുന്നത് മാത്രമല്ല, ജെ സി ഡാനിയേൽ എന്ന മഹാപ്രതിഭയെ കൂടിയാണ് അവർ അപമാനിച്ചതെന്നും പ്രേം കുമാർ പറഞ്ഞു. സ്ഥാനമാനങ്ങൾ സംരക്ഷിക്കാനായി വായില്ലാക്കുന്നിലപ്പനായി തനിക്കും മൗനം പാലിച്ചിരിക്കാമായിരുന്നു. സ്ഥാനമാനങ്ങൾ പോയാലും നിലപാട് പറയണമെന്നതാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ പ്രേംകുമാറും സിപിഐഎമ്മും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ അദ്ദേഹം കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളും ഉണ്ടായിരുന്നു. കോൺഗ്രസ് വേദിയിലും അദ്ദേഹമെത്തിയിരുന്നു.




