കേരള കാലാവസ്ഥാ അതിജീവന കാർഷിക പദ്ധതി (കേര) മാർച്ച് 2-ന് ഔദ്യോഗിക ഉദ്ഘാടനം

കേരളത്തിൽ കാർഷിക മേഖലയുടെ കാലാവസ്ഥാ അനുയോജ്യ കൃഷി രീതികളും അനുബന്ധ മേഖലാ നവീകരണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ (കേര) പദ്ധതി മാർച്ച് 2-ന് സംസ്ഥാന തലത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മാർച്ച് 2, തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ ചടങ്ങ് നടക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങ് നിർവഹിക്കും. 2365 കോടി രൂപയുടെ ബഡ്ജറ്റിൽ നടപ്പിലാക്കുന്ന ഈ പദ്ധതി കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരിക്കാനും, കാലാവസ്ഥാ വ്യതിയാനങ്ങളെ മറികടക്കാൻ കർഷകരെ പ്രാപ്തമാക്കാനും, സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് പുത്തനുണർവേകാൻ ലക്ഷ്യമിട്ടുള്ളതാണ്. പദ്ധതിയിൽ കേരള കാർഷിക വികസന ഡയറക്ടറേറ്റ്, കേരള വ്യവസായ-വാണിജ്യ വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, കേരള കാർഷിക സർവകലാശാല, കേരള ജലവിഭവ വകുപ്പ്, കിൻഫ്ര, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ പങ്കാളിത്തമുണ്ടാകും. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡബ്ള്യു.ആർ.ഡി.എം. തുടങ്ങിയ സാങ്കേതിക സംഘടനകളുടെയും സഹകരണവും ഉറപ്പാക്കും.
അഞ്ചു വർഷക്കാലത്തേക്ക് നീണ്ടുപോകുന്ന പദ്ധതിയിൽ നേരിട്ട് 4 ലക്ഷം കർഷകരും, പരോക്ഷമായി 10 ലക്ഷം കർഷകരും ഗുണഭോക്താക്കളാവും.



