ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് കെ കെ രാഗേഷ്; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരും: മുഹമ്മദ് ഷമ്മാസ്

കണ്ണൂര്‍: ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നിരവധിയായുണ്ട്. ആരോഗ്യമന്ത്രിക്ക് ആരോഗ്യം വീണ്ടെടുക്കാനില്ല. അവരുടെ നാടകം അവസാനിപ്പിച്ചാല്‍ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഐസിയുവില്‍ ഉണ്ടായിരുന്ന രോഗി റോഡ് മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പോയത് തന്നെ നടന്നതെല്ലാം നാടകമെന്ന ആരോപണത്തിന് തെളിവാണ്. കോമാളിത്തരത്തിന്റെ പുതിയ ഉദാഹരണിതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലൂടെ നടത്തുന്നതാണ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട് ബോംബെറിഞ്ഞ് തകര്‍ക്കുന്ന നിലയിലേക്കുള്ള സാഹചര്യത്തിലേക്ക് പോയി. തീക്കൊണ്ടാണ് സിപിഐഎം തല ചൊറിയുന്നത്. ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച കെഎസ്‌യു നേതാക്കളെ കൊല്ലുമെന്ന് ഭീഷണിയാണ്. നേതാക്കളെ ലക്ഷ്യംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ കൊലവിളി നടക്കുന്നു. ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്. ജില്ലയുടെ സമാധാനം സംരക്ഷിക്കാനുള്ള ജാഗ്രതയാണ് ഇപ്പോള്‍ കെഎസ്‌യു കാണിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഐസിയു ബെഡ് കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ഒരു പരിക്കുമില്ലാത്ത ആരോഗ്യ മന്ത്രിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഐസിയു സിസ്റ്റത്തിന്റെ ഉപകരണങ്ങളൊന്നും ഘടിപ്പിക്കാതെയാണ് മന്ത്രിയെ കിടത്തിയത്. ഐസിയു പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി ചിത്രമെടുത്തു. ആരോഗ്യമന്ത്രി ഡിസ്ചാര്‍ജ് ആയി കണ്ണൂര്‍ വിടും മുന്‍പ് ആക്രമണം നടത്തിയെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു
പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ബിതുല്‍ ബാലന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു.
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന കേസില്‍ റിമാന്‍ഡിലാണ് ബിതുല്‍. ബിതുലിന് പുറമെ എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍ എന്നിവരും റിമാന്‍ഡിലാണ്.




