പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതി; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയിൽ സിപിഐഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് ജാഥ സംഘടിപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ അസഭ്യവും സ്ത്രീവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്നാണ് പരാതി. ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വിവാദമായ മുദ്രാവാക്യം വിളി ഉയർന്നത്. ഈ പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ച് ചിന്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നുവെന്നും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രമാണെന്നുമായിരുന്നു ചിന്ത ജെറോമിന്‍റെ വിശദീകരണം.
പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികമാണ്. എന്നാൽ സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കുമൊപ്പം നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ് സിപിഐഎമ്മിന്റേതെന്നും ചിന്ത പറഞ്ഞിരുന്നു. എല്ലാക്കാലത്തും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ് താൻ. ഇത്തരം ആരോപണങ്ങൾ വേദനിപ്പിക്കുന്നുണ്ട്. മുദ്രാവാക്യം ഏറ്റുവിളിച്ചിട്ടില്ലെന്നും ചിന്ത പ്രതികരിച്ചു.




