“അന്ന് ഉമ്മൻചാണ്ടിയുടെ നെഞ്ചിന് കല്ലെറിഞ്ഞു, തൊലിക്കട്ടി ഉണ്ടെന്നറിയാമായിരുന്നുവെന്നാണ് പിണറായി അന്ന് പറഞ്ഞത്’

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സൈബർ ലോകത്ത് വലിയ പ്രതിഷേധം നിറയുകയാണ്. രാഷ്ട്രീയ സാംസ്കാരിക രംഗത്തു നിന്നുള്ളവരടക്കം ഈ വിഷയത്തിൽ പ്രതികരിച്ച് പോസ്‌റ്റുകളിട്ടു. ഇപ്പോഴിതാ ചാണ്ടി ഉമ്മൻ എംഎൽഎയും വീണയെ പരിഹസിച്ച് ഫെയ്‌സ്‌ബുക്കിൽ വിഡിയോ പങ്കിടുകയാണ്. മന്ത്രിയുടെ വ്യാജ പ്രചാരണം പൊളിഞ്ഞിരിക്കുന്നു എന്നും കെഎസ് പ്രവർത്തകർ വീണയുടെ അടുത്തുപോലും എത്തുന്ന ദൃശ്യങ്ങളില്ലാതെ നടത്തുന്ന ഈ കാട്ടിക്കൂട്ടലുകൾ സർക്കാരിന്റെ പതനത്തിനേ കാരണമാകൂവെന്നും പറയുകയാണ് ചാണ്ടി ഉമ്മൻ.
ദൃശ്യങ്ങളുടെ തെളിവുകൾ പോലുമില്ലാതെ എന്തോ വിപത്ത് സംഭവിച്ചെന്ന മട്ടിലാണ് സംഭവത്തെ സർക്കാർ കാണുന്നതെന്നും ചാണ്ടി. ‘ഈ അവസരത്തിൽ തനിക്ക് ഓർമ വരുന്നത് 13 വർഷം മുൻപുള്ള സംഭവമാണ്, 2013 ഒക്ടോബർ 27, അന്ന് കണ്ണൂർ പൊലീസ് ഗ്രൗണ്ടിലേക്കെത്തിയ തന്റെ പിതാവ് ഉമ്മൻചാണ്ടിക്കു നേരെ ലാത്തിയും കല്ലും എടുത്തെറിഞ്ഞ് നെഞ്ചിന് പരുക്കേൽപ്പിച്ച സംഭവമാണ് ഓർമ വരുന്നത്. അന്ന് കല്ലെറിയുന്നതിന്റേയും ഗ്ലാസ് തകരുന്നതിൻ്റേയും നെഞ്ചത്ത് കല്ല് വന്ന് വീഴുന്നതിന്റേയും ദൃശ്യങ്ങൾ എല്ലാവരും കണ്ടു, എന്നിട്ടും അന്ന് പിണറായി വിജയൻ പറഞ്ഞ മറുപടി നല്ല തൊലിക്കട്ടിയുണ്ടെന്ന് അറിയാമായിരുന്നു എന്നാണ്. നെഞ്ചിൽ തൊലിക്കട്ടി കൂടുതലാണെന്നായിരുന്നു മറുപടി.
“ആ കാഴ്ച്‌ചയൊന്നും കേരളം മറക്കില്ലെന്നും ചാണ്ടി ഉമ്മൻ പറയുന്നു. എന്നാൽ ഒരു സമരത്തിനോ ഹർത്താലിനോ അദ്ദേഹം സമ്മതിച്ചില്ല. അന്ന് അദ്ദേഹം അന്വേഷിച്ചത് പ്രതിപക്ഷ നേതാക്കളുടെ സുരക്ഷയാണെങ്കിൽ ഇന്ന് പ്രതിപക്ഷത്തിനെതിരെ ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും ചാണ്ടി ഉമ്മൻ പറയുന്നു. പുതുയുഗയാത്രയുടെ ഫ്ലക്സ് ബോർഡുകളെല്ലാം കീറിയെറിഞ്ഞതിനെക്കുറിച്ചും ചാണ്ടി വിഡിയോയിൽ പറയുന്നു. കണ്ണൂരിലെ സംഭവം പുറത്തുവരും മുൻപ് തന്നെ എല്ലാ ഫ്ലക്സുകളും മാറ്റപ്പെട്ടു, സംഭവം പുറത്തറിഞ്ഞതോടെ ഒരെണ്ണം പോലും ബാക്കിവയ്ക്കാതെ നശിപ്പിച്ചെന്നും ചാണ്ടി പറയുന്നു. ഇത്തവണത്തെ നൊബേൽ പുരസ്കാരങ്ങൾ നമ്മുടെ സർക്കാർ തന്നെ നേടുമെന്നും പറയുകയാണ് ചാണ്ടി ഉമ്മൻ.
സ്വർണം ചെമ്പാക്കുന്ന പ്രതിഭാസം നടത്തിയതിന് രസതന്ത്രത്തിനും മെഡിസിനും കോമഡിക്കായി ഓസ്കാർ കൊടുക്കുന്നുണ്ടെങ്കിൽ ആ അവാർഡും പിണറായി സർക്കാറിനു തന്നെ ലഭിക്കുമെന്നാണ് ചാണ്ടി വിഡിയോയിൽ പറയുന്നത്. എത്ര അഭിനയിച്ചിട്ടും കാര്യമില്ലെന്നും ഈ സർക്കാറിനെ ജനം തൂത്തെറിയുമെന്നും വാട്ടർ ലൂ ആയിത്തീരുമെന്നും ചാണ്ടി.




