ഇരിങ്ങാലക്കുടയില്‍ UDF സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം; കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ച് വാങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ്, പ്രമേയം പാസാക്കി

തൃശൂർ ഇരിങ്ങാലക്കുടയില്‍ യുഡിഎഫിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം തുടരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ച് വാങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. കഴിഞ്ഞ 30 വര്‍ഷമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഡ്വ. തോമസ് ഉണ്ണിയാടനാണ് ഇരിങ്ങാലക്കുടയില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണ അടക്കം മൂന്ന് വട്ടമാണ് അഡ്വ. തോമസ് ഉണ്ണിയാടൻ പരാജയം ഏറ്റുവാങ്ങിയത്. ഇനിയും ഇദ്ദേഹത്തെ നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ നിരവധി തവണ ഇതേ കാര്യം അറിയിച്ചിരുന്നതായും പ്രവർത്തകർ വ്യക്തമാക്കിഇത്തവണയും അഡ്വ. തോമസ് ഉണ്ണിയാടനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
അതേസമയം കേരള കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിന് ഉണ്ണിയാടനോട് ഉള്ള നീരസം കൂടി മറനീക്കി പുറത്ത് വരികയാണ്. ഇരിങ്ങാലക്കുട മണ്ഡലം മാറ്റി വടക്കാഞ്ചേരി മണ്ഡലം കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.




