Uncategorized

തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞദിവസം കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റിരുന്നു. ഇതോടെ കെ.എസ്.യു. പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎമ്മും എസ്എഫ്ഐയും കണ്ണൂരിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.സി.സി. ഓഫീസിന് നേരേ കല്ലേറുണ്ടായി. ഓഫീസിലുണ്ടായിരുന്ന നേതാക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എം.കെ. വരുൺ, ബി.സി. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു ഈ സംഭവം.
മന്ത്രിയെ ആക്രമിച്ച കേസിൽ കെ.എസ്.യു. പ്രവർത്തകരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞാണ് എസ്.എഫ്.ഐ. പ്രവർത്തകർ പ്രകടനമായി എത്തിയത്. പ്രതിഷേധയോഗത്തിനുശേഷം തളാപ്പ് റോഡിലൂടെ ഡി.സി.സി. ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഓഫീസിന്റെ കവാടത്തിലെ ഇരുമ്പ് ഗ്രിൽസ് അടച്ചു.

വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, എസ്.എ. വി.വി. ദീപ്‌തി എന്നിവരടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയതോടെ പ്രവർത്തകർ പിരിഞ്ഞുപോയിഎസ്.എഫ്.ഐ.-കെ.എസ്.യു. നേതാക്കളുടെ പോർവിളി

മന്ത്രിയെ ആക്രമിച്ച സംഭവത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിലെടുത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞ് പ്രതിഷേധവുമായി എസ്.എഫ്.ഐ. പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിലെത്തി. ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റേഷന് മുന്നിൽ പ്രകടനം തടഞ്ഞു.
തുടർന്ന് നടത്തിയ പ്രതിഷേധയോഗം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മന്ത്രിയെ ആക്രമിച്ചവരുടെ വീടും വഴിയുമെല്ലാം തങ്ങൾക്കറിയാം ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സ്റ്റേഷന് പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെന്നും ശരത് രവീന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഖില, ജോയിൽ തോമസ്, സനന്ത് എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ. പ്രതിഷേധം നടക്കുമ്പോൾ കോൺഗ്രസ് നേതാക്കളായ ടി.ഒ. മോഹനൻ, ജീന എന്നിവർ സ്റ്റേഷനിലുണ്ടായിരുന്നു.
കല്ലേറിൽ പരിക്കേറ്റ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങളെ കണ്ടു. ഡി.സി.സി. ഓഫീസ് ആക്രമിച്ചാൽ അതേരീതിയിൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യായത്തിവേണ്ടിയുള്ള സമരമാണ് നടത്തിയത് അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകും. ആരോഗ്യമേഖല സംരക്ഷിക്കാനാണ് സമരം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button