Uncategorized

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം; രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലെ കേസില്‍ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍. തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് പ്രവര്‍ത്തരായ സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈല്‍ അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഇതോടെ ചാവേറായ ഉമര്‍ ഉന്‍ നബി അടക്കം 12 പേര്‍ പ്രതിയായ കേസില്‍ 11 പേരും എന്‍ഐഎ പിടിയിലായി.

ഇരുവരും ചേര്‍ന്നാണ് മുഖ്യപ്രതിക്ക് ആയുധം എത്തിച്ചുനല്‍കിയതെന്നും സ്‌ഫോടനക്കേസില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുവര്‍ക്കും സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇത് കൂടാതെ നിരവധി മറ്റു സ്‌ഫോടനങ്ങളുടെ ഗൂഢാലോചനകളുടെയും ഭാഗമായിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

2025 നവംബര്‍ 10നായിരുന്നു ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ടയ്ക്കടുത്ത് തിരക്കേറിയ സ്ഥലത്തുവെച്ച് ഹ്യൂണ്ടായ് ഐ10 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉമര്‍ ഉന്‍ നബി ആണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. പുല്‍വാമ സ്വദേശിയായ ഉമര്‍ ഫരീദാബാദ് അല്‍-ഫലാ സര്‍വ്വകലാശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു.

15 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഫരീദാബാദില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button