Uncategorized

പെരിയാറിൽ പെരുമ്പാമ്പുകൾ ചത്ത് പൊങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

കുമളി: പെരിയാറില്‍ നാല് പെരുമ്പാമ്പുകള്‍ ചത്തുപൊങ്ങി. നഞ്ച് കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ചത്തത് എന്നാണ് അനുമാനം. തടിയമ്പാടിന് സമീപമാണ് പെരുമ്പാമ്പുകൾ ചത്ത് പൊങ്ങിയത്. പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലത്തിലെ വിഷാംശം വർധിച്ചതായിരിക്കാം പാമ്പുകൾ കൂട്ടത്തോടെ ഇല്ലാതാവാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാമ്പുകളെ കൂടാതെ സമീപത്ത് മത്സ്യങ്ങളും ചത്ത് പൊങ്ങിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ശക്തമാണ്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button