Uncategorized

മോഷ്ടിക്കപ്പെട്ട വാഹനത്തിന് നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും;തലയിൽ കൈവച്ച് ഉടമയായ ശുചീകരണ തൊഴിലാളി സുനിത

തൃശൂര്‍: വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്‌ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായ സ്‌കൂട്ടര്‍ തിരിച്ചുകിട്ടിയില്ലെന്ന് മാത്രമല്ല 17,000 രൂപയാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. പല തവണയായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് സുനിതയെ തേടിയെത്തിയത്.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും തന്റെ സ്‌കൂട്ടര്‍ മോഷണം പോയത് കാണിച്ച് സുനിത വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. പല തവണ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും വാഹനം കൊണ്ടുപോയത് കുട്ടികളായതിനാല്‍ കേസെടുക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടാണ് സിഐയെ നേരിട്ട് കാണാന്‍ കഴിഞ്ഞതെന്നും സുനിത പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടര്‍ വച്ച് തിടുക്കത്തില്‍ ട്രെയിന്‍ കയറാന്‍ പോയപ്പോള്‍ താക്കോല്‍ എടുക്കാന്‍ സുനിത മറന്നു. യാത്ര കഴിഞ്ഞ് തിരിച്ച് വന്ന് വീട്ടിലേക്ക് പോകാന്‍ നോക്കുമ്പോള്‍ വണ്ടി അവിടെ ഇല്ല. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പരിസരത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികള്‍ പകര്‍ത്തിയ ഫോട്ടോ കണ്ടപ്പോളാണ് വണ്ടി മോഷ്ടിക്കപ്പെട്ട വിവരം സുനിത അറിയുന്നത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് വണ്ടി എടുത്തുകൊണ്ട് പോകുന്നതിന്റെ ദൃശ്യമായിരുന്നു ചുമട്ടുതൊഴിലാളികള്‍ പകര്‍ത്തിയത്.വണ്ടി നമ്പര്‍ ഉള്‍പ്പെടെ കാണാവുന്ന തരത്തിലായിരുന്നു ചിത്രമുണ്ടായിരുന്നത്. എന്നാല്‍ ഇത് കണ്ട പൊലീസ് മോഷണം നടത്തിയത് കുട്ടികളാണെന്നും കേസെടുക്കാനാവില്ലെന്നും പറയുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പൊലീസില്‍ അറിയിച്ചിട്ടും മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തപ്പെടുന്നത് സുനിതയ്ക്ക് തന്നെയാണ്. ഏറ്റവും ഒടുവിലായി ഫെബ്രുവരി ഒന്‍പതിന് രാത്രി വലപ്പാട്ട് നിന്നുമുള്ള ദൃശ്യം സഹിതമാണ് സുനിതയ്ക്ക് പിഴ നോട്ടീസ് വന്നത്. രണ്ട് യുവാക്കളും ഒരു യുവതിയും ഹെല്‍മെറ്റ് ധരിക്കാതെ വാഹനത്തില്‍ പോകുന്നതാണ് ദൃശ്യം. എന്തെങ്കിലും കുറ്റതൃത്യത്തിന് ഇവര്‍ ഈ വാഹനം ഉപയോഗിക്കുമോ എന്ന ആശങ്കയും സുനിതയ്ക്കുണ്ട്. സ്വകാര്യ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഇവര്‍ ഏറെ ബുദ്ധിമുട്ടിയായിരുന്നു വാഹനം വാങ്ങിയത്. പലിശയടക്കം 1,87,000 രൂപയ്ക്കാണ് വണ്ടി വാങ്ങിയത്. ഇതിന്റെ അടവുകള്‍ പോലും അടച്ച് തീര്‍ത്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button