Uncategorized

ആക്കുളം – ചേറ്റുവ ജലപാത; ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യ ഘട്ടം നാളെ (ഫെബ്രുവരി 26 ന്) വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക് ഹബ്ബ്, രാജ്യത്തെ മുന്‍നിര ജലാധിഷ്ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിന്‍റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും. ചിലക്കൂര്‍ ടൂറിസം പദ്ധതിയും പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) നവീകരണ പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് പൂര്‍ത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വി.ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. അടൂര്‍ പ്രകാശ് എം പി, വി. ശശി എംഎല്‍എ, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഗീത ഹേമചന്ദ്രന്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജി എസ്, കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്‍റണി, ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നദികള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ബന്ധിപ്പിച്ച് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി വിവിധ ജില്ലകളെ യോജിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സിയാല്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.

ചടങ്ങില്‍ ചിലക്കൂര്‍ ടൂറിസം പദ്ധതി, സോളാര്‍ ബോട്ട് എന്നിവയുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണാപത്രം ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസും കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയും തമ്മില്‍ കൈമാറും. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദൃശ്യ-ശ്രവ്യ പ്രദര്‍ശനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. കേരള ചരിത്രത്തിന്‍റെ ത്രിഡി വീഡിയോയും ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈറ്റ്-ആന്‍ഡ്-സൗണ്ട് ഷോയും ചിലക്കൂര്‍ തുരങ്കത്തില്‍ വച്ച് ആസ്വദിക്കാനാകും.

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്‍റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. കനാലിലെ ഗതാഗതം സജീവമാകുന്നതോടെ സംസ്ഥാനത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1876 ല്‍ തിരുവിതാംകൂര്‍ ഭരണകാലത്ത് പൂര്‍ത്തിയാക്കിയ 340 മീറ്റര്‍ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂര്‍ തുരങ്കം. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്‍റെ ഉള്‍നാടന്‍ ജലഗതാഗതം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിയുടെ ഭാഗമായാണ് കനാല്‍ സഞ്ചാരയോഗ്യമായ അവസ്ഥയിലേക്ക് പുനഃസ്ഥാപിച്ചത്.

വെസ്റ്റ് കോസ്റ്റ് കനാലിനെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എസ്. സുഹാസ് പറഞ്ഞു. സംസ്ഥാനത്തെ ചരക്ക് നീക്കത്തിനും ജലാധിഷ്ഠിത ടൂറിസത്തിനും ഇത് വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ അജയന്‍ എസ്, ആശാഭായി ബി, സിയാല്‍ ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍ ആര്‍ പൈ, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ശ്രീകല സി.കെ, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡയറക്ടര്‍ അരുണ്‍ കെ ജേക്കബ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് പ്രേംചന്ദ്, ക്വില്‍ ചീഫ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍ എസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘കേരള ഫ്യൂഷന്‍’ പരിപാടി നടക്കും.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണ്. സംസ്ഥാനത്തെ കായലുകള്‍, നദികള്‍, മനുഷ്യനിര്‍മ്മിത കനാലുകള്‍ എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള ജലപാത എന്നതാണ് ഇതിന്‍റെ സവിശേഷത. 2021 -22 ല്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കല്‍, കനാല്‍ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്കായി കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button