Uncategorized

അഞ്ച് വർഷം മുന്നെ നടന്ന ശസ്ത്രക്രിയയിൽ കത്രിക വയറ്റിൽ കുടുങ്ങി; മരിച്ചയാൾക്ക് ഹിയറിങിന് ഹാജരാകാൻ നോട്ടീസ്

തൃശൂര്‍: അഞ്ച് വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ തെളിവ് നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരിച്ചയാളുടെ പേരിൽ നോട്ടീസ്. ഒരു വര്‍ഷം മുന്‍പ് രോഗി മരിച്ച വിവരം അറിയാതെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നിന്ന് വിചാരണയ്ക്ക് പങ്കെടുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോട്ടീസ് നല്‍കിയത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ച് രോഗിയുടെ കുടുംബം കോടതിയില്‍ കേസ് നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രോഗിയോട് ഹാജരാകാന്‍ മെഡിക്കല്‍ കോളേജ് അധികൃതർ നിര്‍ദേശം നൽകിയത്.

പാന്‍ക്രിയാസ് അടക്കമുള്ള ആന്തരിക അവയവങ്ങളില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൂര്‍ഞ്ചേരി മാളിയേക്കല്‍ ജോസഫ് പോളിനെ 2020ല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയകളാണ് അന്ന് നടത്തിയത്. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും വയറില്‍ അസ്വാഭാവിക വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വീണ്ടും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി സിടി സ്‌കാനിങ്ങിന് വിധേയനാക്കുകയായിരുന്നു.

വയറ്റില്‍ പഴുപ്പുണ്ടെന്നും വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നുമായിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ജോസഫും കുടുംബവും സ്വകാര്യ ലാബില്‍ നിന്നും എക്‌സേ റേ എടുത്തു. പിന്നാലെയാണ് വയറ്റില്‍ കത്രിക(ഫോര്‍സെപ്‌സ്) കുടുങ്ങിയതായി കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി ശസ്ത്രക്രയയിലൂടെ കത്രിക പുറത്തെടുത്തു.

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ സര്‍ജനായ ഡോക്ടര്‍ക്കെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടെ 2025 ജനുവരിയില്‍ ജോസഫ് പോള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. മനുഷ്യാവകാശ കമ്മീഷനില്‍ നിന്നടക്കം വിധിയുണ്ടായിരുന്നിട്ടും അര്‍ഹിച്ച നഷ്ടപരിഹാരം പോലും ജോസഫിന്റെ കുടുംബത്തിന് നല്‍കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ 17ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നോട്ടീസ് ജോസഫിന്റെ ഭാര്യയ്ക്ക് ലഭിച്ചത്. സംഭവത്തില്‍ ഈ മാസം 20ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്‌സില്‍ നേരിട്ട് ഹാജരായി തെളിവ് നല്‍കണമെന്നായിരുന്നു നോട്ടീസ്. ജോസഫ് മരിച്ച വിവരം അറിയാതെ അയച്ച കത്ത് ജോസഫിന്റെ പേരില്‍ തന്നെയായിരുന്നു. ഇതോടെ ഭാര്യ ബിന്ദു മക്കളെയും കൂട്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ നില്‍ക്കെ അടുത്ത കത്തും വന്നു. ഹിയറിങ് മാറ്റിവച്ചതായി അറിയിച്ചുകൊണ്ടായിരുന്നു പുതിയ കത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button