സതീശന്റെ വാദം പച്ചക്കള്ളം; യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് രഹസ്യ ഫോൺ സർവേ; തെളിവുകൾ പുറത്ത്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലങ്ങളിൽ രഹസ്യമായി ഫോൺ സർവ്വേകൾ നടക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ഇത്തരത്തിൽ യാതൊരു സർവ്വേയും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദങ്ങളെ തള്ളുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വൈക്കം, വട്ടിയൂർകാവ് തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടർമാരുടെ അഭിപ്രായം തേടിയാണ് പ്രധാനമായും ഫോൺ കോളുകൾ എത്തുന്നത്. കഴിഞ്ഞ നാല് ദിവസമായി ഈ മണ്ഡലങ്ങളിൽ വ്യാപകമായി ഇന്റർനെറ്റ് കോളുകൾ വഴി നേരത്തെ റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ ഉപയോഗിച്ചാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
ഓരോ മണ്ഡലത്തിലും പരിഗണനയിലുള്ള മൂന്ന് പേരുകൾ വീതമാണ് വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വൈക്കം മണ്ഡലത്തിൽ സനീഷ് കുമാർ, ബിനുമോൻ, സണ്ണി എം. കപിക്കാട് എന്നിവരുടെ പേരുകളിലും വട്ടിയൂർകാവിൽ കെ. മുരളീധരൻ, വീണ എസ്. നായർ, വൈഷ്ണവി എന്നിവരുടെ പേരുകളിലുമാണ് ജനങ്ങളുടെ അഭിപ്രായം തേടിയത്. വോട്ടർമാർക്ക് ലഭിച്ച ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. ഇതോടെ, സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ഔദ്യോഗികമായി സർവ്വേകളൊന്നും നടക്കുന്നില്ലെന്ന നേതൃത്വത്തിന്റെ അവകാശവാദം പ്രതിരോധത്തിലായിരിക്കുകയാണ്.




