തോട്ടപ്പള്ളി ഫ്‌ളാറ്റ് സമുച്ചയത്തിലെ തന്റെ പേരുള്ള ശിലാസ്ഥാപന ഫലകം മാറ്റി; അതൃപ്തി പരസ്യമാക്കി ജി സുധാകരൻ

ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് നിര്‍മ്മാണോത്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രി ജി സുധാകരന്‍. മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ മന്ത്രി സജി ചെറിയാനാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. അന്ന് എംഎല്‍എയും മന്ത്രിയുമായിരുന്ന താന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാറ്റ് സമുച്ചയം അനുവദിച്ചതെന്നാണ് ജി സുധാകരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
അന്നത്തെ ശിലാസ്ഥാപന ഫലകം മാറ്റിയാണ് ഇപ്പോള്‍ ഉദ്ഘാടന ഫലകം വച്ചതെന്നും ഫലകം കാണാനില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയില്‍ അടുത്തകാലത്ത് കാണുന്ന പ്രവണതയാണെന്നും ജി സുധാകരന്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ 300ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മണ്ണും പുറത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സ. സജി ചെറിയാന്‍ നിര്‍വഹിച്ചു. എം എല്‍ എ സ.എച്ച് സലാം അടക്കമുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഖാവ്. മേഴ്‌സികുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ സ്ഥലം എംഎല്‍എയും മന്ത്രിയും എന്ന നിലയില്‍ അഭ്യര്‍ത്ഥിച്ചത് അനുസരിച്ച് ആണ് ഈ ഫ്‌ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാല്‍ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോള്‍ വെച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയില്‍ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണ്.




