അയ്യൻകുന്ന് പഞ്ചായത്തിലെ വലിയ പറമ്പൻ കരയിൽ വീട്ടുകിണറ്റിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തി

സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഒഴുകിയെത്തിയ ഡീസലാണ് കിണറ്റിൽ കലർന്നതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. പൂന്തോട്ടത്തിൽ സജിയുടെ വീട്ടിലെ കിണറ്റിലാണ് ഡീസൽ കലർന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിച്ചപ്പോൾ കിണറ്റിലേക്കുള്ള നീരുറവയും ഡീസലിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞു. അധികൃതരുടെ സാന്നിധ്യത്തിൽ കിണറ്റിലെ വെള്ളം ശേഖരിച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ ടാങ്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് ഇതിന് പരിഹാരം എന്നാണ് നാട്ടുകാർ പറയുന്നത്. ടാങ്ക് വെളിയിൽ എടുത്ത് പരിശോധിക്കുന്നതിന് കേന്ദ്രനടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ ഉടമയ്ക്ക് നിർദ്ദേശം നൽകി. അയ്യൻ കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥനെ കൂടാതെ വൈസ് പ്രസിഡന്റ് കെ സി ചാക്കോ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം കണ്ഠത്തിൽ, സ്ഥിരസമിതി അധ്യക്ഷന്മാരായ ജോസ് കുഞ്ഞേടത്തിൽ, മേരി റെജി, മേഴ്സി മറിയ, പഞ്ചായത്ത് അംഗങ്ങളായ ഷിബു അഗസ്റ്റിൻ,ഷമീന ടീച്ചർ, പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു




