Uncategorized

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ സർക്കാർ ഡോക്ടർമാരും ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസമാകും. മുഖ്യമന്ത്രിയും ആരോഗ്യ, ധന മന്ത്രിമാരുമായി കെജിഎംസിടിഎ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമയവായത്തിലെത്തിയിരുന്നില്ല. ചർച്ചയിൽ വ്യക്തമായ ഉറപ്പ് കിട്ടാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും

തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും. സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിൽ സൂപ്രണ്ടിനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുക്കാനാണ് കെജിഎംഒഎയുടെ ആഹ്വാനം.

ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. പ്രസവ ശസ്ത്രക്രിയ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായി റിപ്പോർട്ടിൽ സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശിയായ നിരഞ്ചന-ബിനില്‍ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍ നടത്തിയത്. സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button