Uncategorized

അടുത്ത കൂട്ടുകാരനെ വിശ്വസിച്ചു, ചതിച്ചു; 19കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പറ്റിച്ച പണം !

ബെംഗളൂരു: ചതിക്കില്ല എന്ന വിശ്വാസത്തിന്മേൽ കൂട്ടുകാരന് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയ യുവാവിന് ലഭിച്ചത് മുട്ടൻ പണി. ബാങ്ക് അക്കൗണ്ടിൽ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം കുമിഞ്ഞുകൂടിയതോടെ യുവാവ് പൊലീസിൽ പരാതി നൽകി. ബെംഗളരൂവിലെ ഒരു കോളേജ് വിദ്യാർത്ഥിയായ 19കാരനായ യുവാവാണ് പ്രതിസന്ധിയിലായത്.

രണ്ട് ദിവസത്തിനുള്ളിൽ ഏഴ് കോടി രൂപയാണ് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ആയുഷ് എന്ന സുഹൃത്തിന് യുവാവ് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിരുന്നു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണമില്ലെന്നും ആയുഷ് പറഞ്ഞതോടെയാണ് അലിവ് തോന്നി യുവാവ് തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. പാസ്‌ബുക്ക് വിവരങ്ങൾ, എടിഎം കാർഡ്, നെറ്റ്ബാങ്കിങ് വിവരങ്ങൾ, അക്കൗണ്ട് ലിങ്ക് ചെയ്ത് സിം എന്നിവയാണ് യുവാവ് ആയുഷിന് നൽകിയത്.വിവരങ്ങളെല്ലാം ആയുഷിന് കൈമാറിയതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ ഏഴ് കോടി രൂപയാണ് യുവാവിന്റെ അക്കൗണ്ടിലെത്തിയത്. ഇതോടെ ബാങ്ക് അധികൃതർ യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഒരു ഷെൽ കോർപ്പറേഷൻ കമ്പനിയിൽ നിന്നാണ് പണം വന്നതെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ ബാങ്കിന് സർക്കാരിൽ നിന്നും സുരക്ഷ മുന്നറിയിപ്പ് ലഭിച്ചു. അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരുന്ന ഫോൺ നമ്പറും ഇതിനിടെ മാറി.

സംഭവത്തിൽ 23കാരനായ ഒരാളെ പൊലീസ് പിടികൂടി. ആയുഷ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. പൊലീസ് ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. യുവാവിന്റെ അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ ആയുഷ്, അത് മറ്റൊരാൾക്ക് മറിച്ചുവിറ്റു എന്നാണ് പൊലീസിന്റെ നിഗമനം. ടെലഗ്രാമിലൂടെ പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുകയും അവർ ആ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button