Uncategorized

തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളില്‍ തീപിടിത്തം. ചെങ്കോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ബസ് കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കഴക്കൂട്ടം, ചാക്ക ഭാഗത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളെടുത്താണ് തീയണച്ചത്.

സംഭവം നടക്കുമ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്.

സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നുള്ള സൂചനയുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ടെമ്പോ ട്രാവലര്‍ ബസില്‍ ഇടിച്ചുകയറ്റിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതിന് ശേഷം തീയിട്ടതായാണ് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button