Uncategorized

പണിയെടുക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ അവിവാഹിതൻ്റെ അതിബുദ്ധി; കിട്ടിയ പണി തിരിച്ചുകൊടുത്ത് പൊലീസ്

കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോണിന്റെ ഈ ആലോചന പോലീസുകാർക്ക് കൊടുത്തത് എട്ടിന്റെ പണി. കലക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ട്രോൾ ഫ്രീ നമ്പറിൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയാണ് ഇയാൾ ജയിലിൽ പോകാൻ പ്ലാൻ തയ്യാറാക്കിയത്. പൊലീസുകാർ ആളെ അന്വേഷിച്ച് ബുദ്ധിമുട്ടാതിരിക്കാൻ 112 ലേക്ക് സ്വന്തം മൊബൈൽ ഫോണിൽ നിന്നാണ് ഇയാൾ വിളിച്ചത്. 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി.

വ്യാജ ബോംബ് വിവരം കിട്ടി മിനിറ്റുകൾക്കുള്ളിൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസുകാർ പ്രമോദിന്റെ വീട്ടിൽ എത്തി. പൊലീസിന്റെ വരവ് പ്രതീക്ഷിച്ച് പ്രമോദ് വീടിനു മുന്നിൽ തന്നെ നിന്നു. ഇനി ശരിക്കും ബോംബ് പൊട്ടിയാലോ എന്ന സന്ദേഹത്തിൽ കലക്ടറേറ്റിൽ ബോംബ് സ്ക്വാഡ് അരിച്ചു പെറുക്കി പരിശോധന നടത്തി. പണിയെടുക്കാതെ ജയിലിൽ എത്തി നല്ല ഭക്ഷണമൊക്കെ കഴിച്ച് കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതോടെ അവരും ഞെട്ടി. ആദ്യമൊട്ട് വിശ്വസിച്ചതുമില്ല.

പ്രമോദിൽ തീവ്രവാദ ബന്ധം വരെ സംശയിച്ചു. വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ സംഗതി സത്യമാണെന്ന് മനസ്സിലായതോടെ പണി പോലീസും തിരിച്ചു കൊടുത്തു. പ്രമോദിന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. അവിവാഹിതനായ പ്രമോദിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. നേരത്തെ ഒരു അടിപിടി കേസിൽ അകത്തായപ്പോഴാണ് ജയിലിലെ ഭക്ഷണം ഇഷ്ടമായത്. 15 ദിവസത്തെ അവിടുത്തെ ശാപ്പാട് ജയിൽ ഭക്ഷണത്തിന്റെ ആരാധകനാക്കി മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button