മുംബൈയിൽ മെട്രോ നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് ഒരാൾ മരിച്ച സംഭവം: അഞ്ച് പേർ അറസ്റ്റിൽ; കരാറുകാർക്ക് ആറുകോടി രൂപ പിഴ

മുംബൈയിൽ മെട്രോ നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കരാറുകാർക്ക് ആറുകോടി രൂപ പിഴ ചുമത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് മേയർ റിതു താവ്ഡെയും ചൂണ്ടിക്കാട്ടി. മുംബൈയിൽ മുളുണ്ട് എൽബിഎസ് മാർഗിൽ നിർമ്മാണത്തിലിരിക്കുന്ന മെട്രോ ലൈൻ പദ്ധതിയുടെ സ്ലാബ് ഒരു ഓട്ടോറിക്ഷയുടെയും കാറിന്റെയും മുകളിൽ വീണാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നു. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു.
ഉപമുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ മുഴുവൻ മെട്രോ പാതയുടെയും സുരക്ഷാ – ഘടനാപരമായ ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ട്. കരാറുകാർക്ക് ആറുകോടി രൂപ പിഴ ചുമത്തി. പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ പ്രദേശവാസികൾ പരസ്യമായി ആശങ്ക പങ്കുവെച്ചതോടെ മുംബൈയിലെ വൻ അടിസ്ഥാന സൗകര്യ പദ്ധതികളിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യമാണുള്ളത്.




