മുഖ്യമന്ത്രിയുടെ ഗൺമാന് സ്ഥാനക്കയറ്റം; ആഭ്യന്തരവകുപ്പിന്‍റെ നീക്കം താത്കാലിക തസ്തിക സൃഷ്ടിച്ച്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാന് താത്കാലിക തസ്തികയിൽ സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ. സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്നാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഗൺമാൻ അനിൽകുമാറിന് സ്ഥാനക്കയറ്റം നൽകിയത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് റിസർവ് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തിക സൃഷ്ടിച്ചായിരുന്നു നീക്കം.
വിവിധ എ ആർ ക്യാമ്പുകളിലെ 20 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനമാണ് വിവാദത്തിലായത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ സുഗമമായ നടത്തിപ്പിന് മേൽനോട്ടം ആവശ്യമാണെന്ന വിശദീകരണതോടെയായിരുന്നു നിയമന ഉത്തരവ്. മന്ത്രിസഭാ യോഗത്തിലെ തീരുമാന പ്രകാരം സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഡിജിപി ഉത്തരവിറക്കി.എന്നാൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ ആരോപണവിധേയനായ അനിൽകുമാറിന് സ്ഥാനക്കയറ്റം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി യൂണിഫോമിട്ട ഗുണ്ടകളെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഏറെക്കാലമായി താത്കാലിക തസ്തിക പരിഗണനയിലുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത് നടപ്പിലായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്ഥാനക്കയറ്റപ്പട്ടിക പുറത്തുവന്നത് രാഷ്ട്രീയവിവാദം കൂടിയാവുകയാണ്.




